സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് വിന്‍ഡിസ്, പന്തും ശ്രേയസും മടങ്ങി; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് 

ഏകദിന കരിയറിലെ ആദ്യ അര്‍ധശതകം പിന്നിട്ട റിഷഭ് പന്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു ഇന്നിങ്‌സ് പിറന്നത്
സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് വിന്‍ഡിസ്, പന്തും ശ്രേയസും മടങ്ങി; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് 

ചെന്നൈ: മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയില്‍ നിന്നും സെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യയെ കരകയറ്റിയ ശ്രേയസ്-പന്ത് കൂട്ടുകെട്ട് പൊളിച്ച് വിന്‍ഡിസ്. 70 റണ്‍സ് എടുത്ത് നില്‍ക്കെ അല്‍സാരി ജോസഫ് ശ്രേയസിനെ നായകന്‍ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. 

88 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയാണ് ശ്രേയസ് 70 റണ്‍സ് നേടിയത്. അല്‍സാരി ജോസഫിന്റെ സ്ലോ ഡെലിവറിയില്‍ ഫ്‌ലിക് ചെയ്ത ശ്രേയസിന് പിഴച്ചു. മിഡ് വിക്കറ്റില്‍ പൊള്ളാര്‍ഡിന്റെ കൈകളിലേക്ക് എത്തി ശ്രേയസിന്റെ സെഞ്ചുറി പ്രതീക്ഷകള്‍ അവസാനിച്ചു. 

ഏകദിന കരിയറിലെ ആദ്യ അര്‍ധശതകം പിന്നിട്ട റിഷഭ് പന്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു ഇന്നിങ്‌സ് പിറന്നത്. റണ്‍റേറ്റ് താഴാതെ സ്‌കോര്‍ കണ്ടെത്താന്‍ പന്തിനായി. 69 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയാണ് റിഷഭ് പന്ത് 71 റണ്‍സ് നേടിയത്. പൊള്ളാര്‍ഡിന്റെ ഡെലിവറിയില്‍ ഡിപ്പ് സ്‌ക്വയര്‍ ലെഗില്‍ ഹെറ്റ്മയറിന്റെ കൈകളിലേക്ക് പന്ത് എത്തുകയായിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 25 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഏഴ് ഓവറിനുള്ളില്‍ ആറ് റണ്‍സ് എടുത്ത രാഹുലിനേയും നാല് റണ്‍സ് എടുത്ത കോഹ് ലിയേയും പുറത്താക്കി കോട്രലാണ് ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചത്. രോഹിത് ശര്‍മ 56 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്തായി. 250-270 റണ്‍സാണ് ചെപ്പോക്കിലെ ശരാശരി സ്‌കോര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com