അഞ്ച് താരങ്ങള്‍, ഐപിഎല്‍ താര ലേലത്തില്‍ ഇവര്‍ പണം വാരും

കൊല്‍ക്കത്തയില്‍ നടക്കുന്ന താര ലേലത്തില്‍ കൂറ്റന്‍ തുക സ്വന്തമാക്കാന്‍ സാധ്യതയുള്ള 5 താരങ്ങള്‍ ഇവരാണ്...
അഞ്ച് താരങ്ങള്‍, ഐപിഎല്‍ താര ലേലത്തില്‍ ഇവര്‍ പണം വാരും

332 താരങ്ങള്‍ ഇന്ന് എട്ട് ഫ്രാഞ്ചൈസികള്‍ക്ക് മുന്‍പിലെത്തുമ്പോള്‍ താര ലേലത്തില്‍ പണം കൊയ്യുന്ന താരങ്ങള്‍ ആരെല്ലാമാവും. 186 ഇന്ത്യന്‍ താരങ്ങളുടേയും 143 വിദേശ താരങ്ങളുടേയും പേരാണ് ലേലത്തിനെത്തുക. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് മൂന്ന് പേരും. കൊല്‍ക്കത്തയില്‍ നടക്കുന്ന താര ലേലത്തില്‍ കൂറ്റന്‍ തുക സ്വന്തമാക്കാന്‍ സാധ്യതയുള്ള 5 താരങ്ങള്‍ ഇവരാണ്...

ക്രിസ് ലിന്‍

ഐപിഎല്‍ 2019ല്‍ നാല് അര്‍ധ ശതകങ്ങളോടെ 139 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 405 റണ്‍സ് നേടിയ ക്രിസ് ലിന്നിനെ റിലീസ് ചെയ്യാനുള്ള കൊല്‍ക്കത്തയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ലേലത്തില്‍ രണ്ട് കോടി രൂപയാണ് ലിന്നിന്റെ അടിസ്ഥാന വില. അബുദാബി ടി10 ലീഗില്‍ 30 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്താണ് ലിന്‍ വരുന്നത്. ഇതിന്റെ പ്രതിഫലനം ഐപിഎല്‍ താര ലേലത്തിലുണ്ടാവുമെന്ന് വ്യക്തം. ടി10 ലീഗില്‍ എട്ട് കളിയില്‍ നിന്ന് 236 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ക്രിസ് ലിന്ന് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 

മാക്‌സ് വെല്‍

ബിഗ് ഹിറ്റുകളുമായി കളം നിറയാനുള്ള കഴിവാണ് ഓസീസ് ഓള്‍ റൗണ്ടര്‍ മാക്‌സ് വെല്ലിലേക്ക് ആരാധകരെ അടുപ്പിക്കുന്നത്. രണ്ട് കോടി രൂപയാണ് ലേലത്തില്‍ മാക്‌സ് വെല്ലിന്റെ അടിസ്ഥാന വില. ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് സംഘത്തില്‍ നിന്ന് മാക്‌സ് വെല്ലിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അത് ഐപിഎല്ലില്‍ മാക്‌സ് വെല്ലിനുള്ള ഇന്ത്യന്‍ പ്രഭാവത്തെ ബാധിക്കില്ലെന്ന് വ്യക്തമാണ്. ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും ട്വന്റി20യില്‍ മാക്‌സ്വെല്‍ മികവ് കാട്ടുന്നുണ്ട്. 

മാക്‌സ് വെല്ലിന്റെ കഴിഞ്ഞ മൂന്ന് ട്വന്റി20 മത്സരങ്ങളിലെ സ്‌കാര്‍, 43 പന്തില്‍ നിന്ന് 56. ഇന്ത്യയ്‌ക്കെതിരെ 55 പന്തില്‍ നിന്ന് 113. ലങ്കയ്‌ക്കെതിരെ 28 പന്തില്‍ നിന്ന് 62 റണ്‍സ,.

ഹെറ്റ്മയര്‍

ഇരുപത്തിരണ്ടുകാരനായ ഹെറ്റ്മയറിന്റെ കഴിവ് ക്രിക്കറ്റ് ലോകത്തിന് വ്യക്തമായി അറിയാം. ചെന്നൈ ഏകദിനത്തില്‍ സെഞ്ചുറി അടിച്ച് ഹെറ്റ്മയര്‍ ഒരിക്കല്‍ കൂടി ഫ്രാഞ്ചൈസികളുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നു. 106 പന്തില്‍ 139 റണ്‍സ് അടിച്ചെടുത്ത ചെന്നൈ ഇന്നിങ്‌സില്‍ 11 ഫോറും ഏഴ് സിക്‌സുമാണ് ഹെറ്റ്മയറിന്റെ ബാറ്റില്‍ നിന്നും വന്നത്. 

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ 41 പന്തില്‍ നിന്ന് 56 റണ്‍സ് ഹൈദരാബാദിലും, 24 പന്തില്‍ നിന്ന് 41 റണ്‍സ് മുംബൈയിലും ഹെറ്റ്മയര്‍ സ്‌കോര്‍ ചെയ്തു. 

ടോം ബാന്റണ്‍ 

ക്യൂന്‍സ് ലാന്‍ഡ് ഗ്രേഡ് ക്രിക്കറ്റില്‍ 41 പന്തില്‍ നിന്ന് 121 റണ്‍സ് അടിച്ചെടുത്ത് ഐപിഎല്ലില്‍ കൂറ്റന്‍ തുക താന്‍ സ്വന്തമാക്കും എന്ന സൂചന നല്‍കുകയാണ് ബാന്റണ്‍. ഒരു കോടി രൂപയാണ് താരത്തിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞ കളിയില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരെ 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇത് ഐപിഎല്‍ ലേലത്തില്‍ പ്രതിഫലിക്കുമോയെന്ന് വ്യക്തമല്ല. 

എക്‌സ് ഫാക്ടര്‍ താരം എന്നാണ് ബാന്റണെ വിശേഷിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറാനാണ് താത്പര്യം എന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ട്വന്റി20 കരിയറില്‍ 21 കളിയില്‍ നിന്ന് 156 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 663 റണ്‍സ് ആണ് താരം നേടിയിരിക്കുന്നത്. 

ജാസന്‍ റോ

ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് ലക്ഷ്യം വെച്ച് ഇംഗ്ലണ്ടിന്റെ ജാസന്‍ റോയ്ക്ക് വേണ്ടി ഫ്രാഞ്ചൈസികള്‍ മുന്നിട്ടിറങ്ങാനാണ് സാധ്യത. 1.5 കോടി രൂപയാണ് റോയുടെ അടിസ്ഥാന വില. 2018 ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടി ഓപ്പണിങ്ങില്‍ 53 പന്തില്‍ നിന്ന് റോ 91 റണ്‍സ് അടിച്ചെടുത്തിരുന്നു. കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ റോയുടെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടായിരുന്നു. ലോകകപ്പ് ആയപ്പോഴേക്കും കരിയറിലെ മികച്ച ഫോമിലേക്കുമെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com