'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്
'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജ്യത്ത് യുവത്വം തെരുവിലിറങ്ങുമ്പോഴാണ് അവര്‍ക്കൊപ്പം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയും ചേര്‍ന്നത്. അവര്‍ നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ഇന്ത്യയുടെ അവസാനം എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. സനയുടെ നിലപാടിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ഗാംഗുലി. 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്. ആ പോസ്റ്റ് സത്യമല്ല. രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം അവള്‍ക്കായിട്ടില്ലെന്നും ഗാംഗുലി പറയുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാല്‍  സുരക്ഷിതരാണെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഒന്നോ രണ്ടോ വിഭാഗങ്ങള്‍ക്കെതിരെയാണ് തുടങ്ങുക. പക്ഷേ അതിന് അവസാനമില്ല. വിദ്വേഷത്തിലൂന്നി നടപ്പിലാക്കുന്ന മുന്നേറ്റങ്ങള്‍ ഭയവും കലഹവും സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇടത് ചരിത്രകാരന്‍മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നല്‍കുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവര്‍ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാല്‍ മാത്രമേ നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകൂ, സനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. 

സനയുടെ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം വരുന്നത്. ഇര്‍ഫാന്‍ പഠാന്‍, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ മാത്രമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഇതുവരെ പൗരത്വ ബില്ലിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ളത്. ഗാംഗുലി ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ വിഷയത്തില്‍ മൗനം പാലിക്കുമ്പോള്‍ സന ശബ്ദമുയര്‍ത്തിയതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com