ധാര്‍മികത മറന്ന നിമിഷങ്ങള്‍, വാക്‌പോരുമായി നിറഞ്ഞ കളിക്കാര്‍; 2019 സംഭവ ബഹുലമായിരുന്നില്ലേ? 

ധാര്‍മീകത മറന്ന നിമിഷങ്ങള്‍, വാക്‌പോരുമായി നിറഞ്ഞ കളിക്കാര്‍; 2019 സംഭവ ബഹുലമായിരുന്നില്ലേ? 
ധാര്‍മികത മറന്ന നിമിഷങ്ങള്‍, വാക്‌പോരുമായി നിറഞ്ഞ കളിക്കാര്‍; 2019 സംഭവ ബഹുലമായിരുന്നില്ലേ? 

ളിക്കളത്തിലെ ആവേശങ്ങള്‍ പുതിയ മാനങ്ങള്‍ തേടി പായുന്നതിനൊപ്പം വിവാദങ്ങളും കായിക ലോകത്തിന് ഒപ്പമുണ്ടാവും എന്നും...2019ലും അതിന് മാറ്റമൊന്നുമില്ല. കോപ്പ അമേരിക്കയില്‍ പൊട്ടിത്തെറിച്ച മെസിയും, ഹര്‍ദിക്കില്‍ നിന്നും രാഹുലില്‍ നിന്നും വന്ന വാക്കുകളും 2019 വിടാതെ ചര്‍ച്ച ചെയ്യുകയായിരുന്നു...അങ്ങനെ കെട്ടടങ്ങാതെ നിന്ന വിവാദങ്ങളില്‍ ചിലത്...

ഇനിയൊരു ചാറ്റ് ഷോയ്ക്കുള്ള ബാല്യമുണ്ടോ? 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പറന്ന രണ്ട് കളിക്കാര്‍. കരണ്‍ ജോഹറുമായൊത്തുള്ള ചാറ്റ് ഷോ പോയതിനേക്കാള്‍ വേഗത്തില്‍ ഇരുവരേയും നാട്ടില്‍ തിരിച്ചെത്തിച്ചു. പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ഇവരുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കായില്ല. 

നിരുപാധികം മാപ്പ് അപേക്ഷിച്ച് ഹര്‍ദിക്കും രാഹുലും ബിസിസിഐയ്ക്കും ആരാധകര്‍ക്കും മുന്‍പിലെത്തി. പക്ഷേ കാര്യമുണ്ടായില്ല. സസ്‌പെന്‍ഷന് വിധേയമാക്കിയ ഇവര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് പിഴയടക്കേണ്ടി വന്നത്. 2019 അവസാനിക്കുന്നത് ഇനിയൊരു അഭിമുഖം നല്‍കാന്‍ ഇരുവര്‍ക്കും ധൈര്യം നല്‍കാത്ത വിധത്തിലാണ്...

പൊട്ടിത്തെറിച്ച് മിശിഹ

വികാരാധീതനായി മെസിയെ പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. കോപ്പ അമേരിക്കയില്‍ 4-2ന് ചിലിയോട് തോറ്റ് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മെസിയില്‍ ഉള്‍പ്പെടെ...2019ലും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിന്ന് മെസി പൊട്ടിത്തെറിച്ചു. കോപ്പ അമേരിക്കയില്‍ ബ്രസിലിനോടേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു അത്...

അഴിമതിയുടെ കളിയാണ് കോപ്പ അമേരിക്ക എന്നാണ് മെസി തുറന്നടിച്ചത്. ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. ബ്രസീലിന് കിരീടം കൊടുക്കാനാണ് കോപ്പ അമേരിക്കയില്‍ നടക്കുന്ന കളികളെല്ലാം എന്ന് വെട്ടിത്തുറന്ന് പറഞ്ഞതോടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തെ തേടി വിലക്കെത്തി. വിലക്ക് നേരിട്ട് മാറി നിന്നപ്പോഴും പറഞ്ഞത് പിന്‍വലിക്കാന്‍ മെസി തയ്യാറായില്ല. 

പ്രതീക്ഷകള്‍ കെടുത്തിയ ഉത്തേജക മരുന്ന്

അടുത്തെങ്ങും ഒരു യുവതാരത്തിന്റെ അരങ്ങേറ്റം ക്രിക്കറ്റ് ലോകം ഇങ്ങനെ ഹൃദയം തുറന്നു വെച്ച് സ്വീകരിച്ചിട്ടില്ല. സെഞ്ചുറി നേടി വരവറിയിച്ച പൃഥ്വി ഷാ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വാഴും എന്ന് തോന്നിച്ച വര്‍ഷമാണ് 2019...ഓസ്‌ട്രേലിയന്‍ പരമ്പര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വന്ന പരിക്ക് മാറ്റി നിര്‍ത്താം. പക്ഷേ അതിന് പിന്നാലെ വന്ന പൃഥ്വി ഷായുടെ ഉത്തേജക മരുന്ന് വിവാദം ആരാധകര്‍ക്ക് അത്ര ദഹിക്കുന്നതായിരുന്നില്ല. 

ഓസ്‌ട്രേലിയന്‍ നിന്ന് മടങ്ങിയതിന് ശേഷം പൃഥ്വി ഷായുടെ പരിക്കിനെ കുറിച്ച് ബിസിസിഐ മൗനം പാലിച്ചുപോന്നു. സാഹയുടെ പരിക്കിന്റെ വിവരങ്ങള്‍ എണ്ണമിട്ട് അപ്‌ഡേറ്റ് ചെയ്ത ബിസിസിഐയാണ് ഇതെന്ന് ഓര്‍ക്കണം...ഇതിനിടയില്‍ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ പൃഥ്വി ഷായുടെ ഫിറ്റ്‌നസിനെ കാര്യമായി ബാധിച്ചു എന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു..

അപ്പോഴും ബിസിസിഐ മൗനം തുടര്‍ന്നു പോന്നു...ഒടുവില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട പൃഥ്വി ഷായെ വിലക്കുന്നു എന്ന പ്രഖ്യാപനവുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ഡൊമസ്റ്റിക് ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കഴിച്ച ചുമയുടെ മരുന്നില്‍ വിലക്കപ്പെട്ട ഘടകങ്ങള്‍ അടങ്ങിയിരുന്നു എന്നാണ് പൃഥ്വി ഷായും ബിസിസിഐയും വിശദീകരിച്ചത്. 

ക്യാപ്റ്റന്‍ കൂള്‍ ലോസസ് ഹിസ് കൂള്‍ 

അവസാന പന്ത് വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരം. അപ്പോള്‍ ആവേശം എത്രമാത്രമാകും എന്ന് ഊഹിക്കാം. ഈ ആവേശത്തിന് ഇടയില്‍ ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍നസ് നഷ്ടമായി. അവസാന ഓവറില്‍ ധോനി ക്രീസിലേക്കെത്തി. അമ്പയര്‍മാരെ ചോദ്യം ചെയ്തു.

ഉയര്‍ന്നെത്തിയ ഡെലിവറിയില്‍ നോബോള്‍ വിളിക്കാന്‍ അമ്പയര്‍ ഉല്‍ഹാസ് ഗാന്ധേ തയ്യാറാവാതിരുന്നതാണ് ധോനിയെ പ്രകോപിപ്പിച്ചത്. അത് നോബോളായിരുന്നോ അല്ലയോ? ഔട്ടായി ക്രീസ് വിട്ടതിന് ശേഷം ധോനി വീണ്ടും ഗ്രൗണ്ടിലേക്ക് എത്തിയത് ശരിയോ? ക്രിക്കറ്റ് ലോകം 2019ല്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് ഇതുമായിരുന്നു. 

കുറ്റബോധത്തിന്റെ ഭാരം പേറിയ ലോകകപ്പ്

കുറ്റബോധത്തിന്റെ ഭാരവുമുണ്ട് ഇംഗ്ലണ്ട് ഉയര്‍ത്തിയ ലോകകപ്പിന്. കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ടീമിനെ ജയിപ്പിക്കുക എന്ന ഗള്ളി ക്രിക്കറ്റില്‍ പോലും കാണാത്ത വിചിത്ര നിയമം. ഓവര്‍ത്രോയില്‍ ധാര്‍മികതയ്ക്ക് നിരയ്ക്കാത്ത എക്‌സ്ട്രാ റണ്‍സ്...തലതാഴ്ത്തി ലോര്‍ഡ്‌സ് വിട്ട വില്യംസണിനേയും കൂട്ടരേയും ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാവില്ല. 

ലോക ചാമ്പ്യന്മാര്‍ ജയത്തിന്റെ ലഹരി നുണഞ്ഞ് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഓവര്‍ത്രോയിലെ എക്‌സ്ട്രാ റണ്‍സ് നല്‍കുന്ന നിയമവും, ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിക്കുന്ന നിയമവും എംസിസി പുനഃപരിശോധനയ്ക്ക് വിധേയമാക്കി...

മാന്യതയില്ലാത്ത മങ്കാദിങ്

2019ല്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാക്കാണ് മങ്കാദിങ്. മങ്കാദിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അശ്വിന്റെ മുഖം മനസിലേക്ക് എത്തുന്നില്ലേ? രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ട്‌ലറെ മങ്കാദിങ് ചെയ്ത് പുറത്താക്കിയ അശ്വിന്‍ ക്രിക്കറ്റിലെ മാന്യതയേയും ധാര്‍മികതയേയും കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. 

ക്രിക്കറ്റ് നിയമങ്ങള്‍ മങ്കാദിങ് അനുവദിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ അശ്വിനില്‍ നിന്ന് വന്ന നീക്കം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ക്രിക്കറ്റ് നിയമങ്ങള്‍ തയ്യാറാക്കുന്ന എംസിസി ആദ്യം അശ്വിനെ പിന്തുണച്ചെങ്കിലും പിന്നാലെ യൂടേണ്‍ അടിച്ചു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ബാറ്റ്‌സ്മാന്‍ പുറത്തേക്ക് ഇറങ്ങുന്നത് വരെ കാത്ത് നിന്ന് ബൗളിങ് ആക്ഷന്‍ ബൗളര്‍ നിര്‍ത്തിവെച്ചു എന്നാണ് എംസിസി പിന്നീട് അശ്വിന്റെ മങ്കാദിങ്ങില്‍ പ്രതികരിച്ചത്. 

ഇടിക്കൂട്ടില്‍ മേരി കോം മാത്രം മതിയോ? 

ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഇതിഹാസ താരമാണ് മേരി കോം. പക്ഷേ അത് മറ്റൊരു താരത്തേയും ഇടിക്കൂട്ടിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് അയക്കാതിരിക്കുന്നതിന് കാരണമാക്കരുത്...ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഇടിക്കൂട്ടിലേക്ക് നികത് സറീനെ ഇറക്കാന്‍ വാദിച്ച് പറഞ്ഞ വാക്കുകളും കായിക ലോകം 2019ല്‍ ചര്‍ച്ച ചെയ്തു. 

ടോക്യോ ഒളിംപിക്‌സിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്‍പ് നിഖത് സറീനും മേരി കോമും ഇടിക്കൂട്ടില്‍ നേര്‍ക്കുനേര്‍ വരണം എന്ന നിര്‍ദേശം ബിന്ദ്ര മുന്‍പോട്ട്ു വെച്ചു. ബിന്ദ്രയ്ക്ക് തക്ക മറുപടിയുമായി മേരി കോമും എത്തിയതോടെ വിവാദം കൊഴുത്തു. ബിന്ദ്ര ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേടിയിരിക്കാം. ലോക ചാമ്പ്യന്‍ഷിപ്പില്‍ എനിക്ക് ഒന്നിലധികം മെഡലുകളുണ്ട്. ഞാന്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംസാരിക്കുന്നില്ല. ബോക്‌സിങ്ങില്‍ ഇടപെടാതെ മിണ്ടാതിരിക്കുന്നതാണ് ബിന്ദ്രയ്ക്ക് നല്ലത് എന്നാണ് തിരിച്ചടിച്ച് മേരി കോം പറഞ്ഞത്. 

മഞ്ജരേക്കറുടെ വായടപ്പിച്ച ജഡേജ

പൂര്‍ണതയില്ലാത്ത ക്രിക്കറ്റ് താരം...സഞ്ജയ് മഞ്ജരേക്കര്‍ ഇത് പറഞ്ഞ് നാവ് അകത്തേക്കിട്ടില്ല. കളിക്കളത്തിന് പുറത്തും അകത്തും മറുപടിയുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെത്തി. നിങ്ങള്‍ കളിച്ചതിനേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇപ്പോഴും കളിക്കുകയാണ്. നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരെ ബഹുമാനിക്കാന്‍ പഠിക്കൂ. ആവശ്യത്തിലധികം നിങ്ങളില്‍ നിന്ന് ഞാന്‍ കേട്ടു കഴിഞ്ഞു എന്നാണ് ജഡേജ മഞ്ജരേക്കര്‍ക്ക് മറുപടിയായി പറഞ്ഞത്.

പിന്നാലെ ലോകകപ്പ് സെമി ഫൈനലില്‍ എല്ലാ പ്രതീക്ഷയും അറ്റ് നിന്ന ഇന്ത്യയെ പിടിച്ചു കയറ്റി ജഡേജ വീണ്ടും മഞ്ജരേക്കറെ കുത്തി. 

റഷ്യ കളിക്കണ്ട

വലിയ പ്രഹരവുമേറ്റുവാങ്ങിയാണ് റഷ്യ 2019 അവസാനിപ്പിക്കുന്നത്. 2020 ടോക്യോ ഒളിംപിക്‌സിലും, 2022ലെ ഖത്തര്‍ ലോകകപ്പിലും പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയെ വാഡ വിലക്കി. ഉത്തേജക മരുന്ന് പരിശോധനാ ഫലത്തില്‍ റഷ്യ നടത്തിയ തിരുമറിയാണ് ഇതിലേക്ക് നയിച്ചത്. ഏതെങ്കിലും കായിക ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും റഷ്യയെ വിലക്കിയിട്ടുണ്ട്. 

റായിഡുവിന്റെ കോലാഹലം

നാലാം നമ്പറിനെ ചൊല്ലിയുള്ള ഇന്ത്യയുടെ തലവേദന അവസാനിച്ചു, അമ്പാട്ടി റായിഡു അനുയോജ്യനാണ്...ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ കോഹ് ലി പറഞ്ഞ വാക്കുകളാണ്. ഒടുവില്‍ ലോകകപ്പ് ടീം പ്രഖ്യാപനം വന്നു. റായിഡുവിന്റെ പേരില്ല. റിസര്‍വ് ടീമില്‍ റായിഡുവിനെ ഉള്‍പ്പെടുത്തി. രണ്ട് കളിക്കാര്‍ക്ക് ലോകകപ്പിനിടെ പരിക്കേറ്റു. റിസര്‍വ് ലിസ്റ്റിലുള്ള റായിഡുവിനെ രണ്ട് വട്ടവും അവഗണിച്ചു. 

ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ കൂടാതെയുള്ള പന്തിന് വിളിയെത്തി. റായിഡുവിന് പകരം ഇന്ത്യ നാലാമത് കളിപ്പിച്ച വിജയ് ശങ്കറിന് തന്നെ പരിക്കേല്‍പ്പിച്ചപ്പോഴോ? റിസര്‍വ് ലിസ്റ്റില്‍ പോലുമില്ലാതിരുന്ന മായങ്ക് അഗര്‍വാളിനെ ടീം മാനേജ്‌മെന്റ് ഇംഗ്ലണ്ടിലേക്ക് വരുത്തിച്ചു. 

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച സമയം 3ഡി ഗ്ലാസ് ട്വീറ്റുമായെത്തി റായിഡു പ്രതിഷേധം അറിയിച്ചു. വിജയ് ശങ്കറെ 3 ഡൈമെന്‍ഷന്‍ എന്ന് ചീഫ് സെലക്ടര്‍ പരാമര്‍ശിച്ചതിലൂന്നിയായിരുന്നു റായിഡുവിന്റെ പരിഹാരം. ലോകകപ്പ് കാണാന്‍ 3ഡി ഗ്ലാസ് ഓഡര്‍ ചെയ്‌തെന്ന് റായിഡു കുറിച്ചു. രണ്ട് കളിക്കാര്‍ക്ക് പരിക്കേറ്റിട്ടും ടീമിലേക്ക് വിളിക്കാതിരുന്നതോടെ വിരമിക്കല്‍ പ്രഖ്യാപിച്ചാണ് റായിഡു മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com