അനാഥനായ അവനെ രക്ഷിക്കാന്‍ വൃക്ക നല്‍കിയ സീത; അഭിനന്ദനവുമായി വിവിഎസ് ലക്ഷ്മണ്‍ 

സീത ദിലീപ് എന്ന യുവതിയാണ് മരണത്തെ മുന്‍പില്‍ കണ്ട പാലക്കാട് സ്വദേശിയായ പത്തൊന്‍പതുകാരന് വൃക്ക നല്‍കിയത്
അനാഥനായ അവനെ രക്ഷിക്കാന്‍ വൃക്ക നല്‍കിയ സീത; അഭിനന്ദനവുമായി വിവിഎസ് ലക്ഷ്മണ്‍ 

ന്യൂഡല്‍ഹി: ഒരു പരിചയവുമില്ലാതിരുന്നിട്ടും അനാഥനാണ് അവനെന്നറിഞ്ഞതോടെ കരുണ കാട്ടിയ കോട്ടയം സ്വദേശിനിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. സീത ദീലീപ് എന്ന യുവതിയാണ് മരണത്തെ മുന്‍പില്‍ കണ്ട പാലക്കാട് സ്വദേശിയായ പത്തൊന്‍പതുകാരന് വൃക്ക നല്‍കിയത്. 

ജയകൃഷ്ണന്‍ എന്ന യുവാവിനാണ് സീതയുടെ കാരുണ്യത്തില്‍ ജീവിതം തിരികെ കിട്ടിയത്. അനാഥനാണ് യുവാവ് എന്ന് ഒരു ട്രസ്റ്റ് വഴി അറിഞ്ഞതോടെയാണ് സീത സഹായിക്കാന്‍ തയ്യാറായി മുന്‍പോട്ടു വന്നത്. അവരുടെ നിസ്വാര്‍ത്ഥതയ്ക്കും, ധൈര്യത്തിനും, കരുണയ്ക്കും മുന്‍പില്‍ നമിക്കുന്നുവെന്ന് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. 

മൂന്ന് വയസുള്ളപ്പോഴാണ് ജയകൃഷ്ണന് മാതാപിതാക്കളെ നഷ്ടമായത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ജയകൃഷ്ണനെ അലട്ടി തുടങ്ങിയത്. 2017 അവസാനമായപ്പോഴേക്കും ശരീര ഭാരം കൂടാന്‍ തുടങ്ങി. കാലുകള്‍ നീരുവന്ന് വീര്‍ത്തു.. രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം വീര്‍ത്തു വന്നു. കാഴ്ച മങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രെറ്റിനൈനിന്റെ അളവ് കൂടുതലാണെന്നും, കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയത്. 

ചികിത്സയ്ക്ക് വേണ്ടി ജയകൃഷ്ണന് പഠനം നിര്‍ത്തേണ്ടി വന്നു. പാലക്കാട് പള്ളുരുത്തിയില്‍ അമ്മുമ്മയ്‌ക്കൊപ്പം ബന്ധുവിന്റെ വീട്ടിലാണ് ജയകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും നടക്കാന്‍ പോലും സാധിക്കാതെയായി. ഡയാലിസിസിന് വിധേയമാക്കുകയും, കിഡ്‌നി മാറ്റി വയ്ക്കുകയുമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. 

ജയകൃഷ്ണന് വൃക്ക നല്‍കാന്‍ തയ്യാറായാല്‍ വീടും ജോലും നല്‍കാമെന്ന വാഗ്ദാനം ദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ജയകൃഷ്ണന്റെ ബന്ധുക്കള്‍ക്ക് മുന്‍പില്‍ വെച്ചു എന്നാല്‍ അവര്‍ തയ്യാറായില്ല. ഇതോടെ ജയകൃഷ്ണന്റെ വിവരം ഉള്‍പ്പെടുത്തിയുള്ള ട്രസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് സീതാ ദിലീപ് കാണുകയും മുന്നോട്ടു വരികയുമായിരുന്നു. ഡിസംബര്‍ 10ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com