ഇന്ത്യന്‍ പുരുഷ ടീം വീണ അതേ വഴിയില്‍ വനിതകളും; ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന് തോറ്റു

ഹാമില്‍ട്ടണില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തിയ 149 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലാന്‍ഡ് 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
ഇന്ത്യന്‍ പുരുഷ ടീം വീണ അതേ വഴിയില്‍ വനിതകളും; ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന് തോറ്റു

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ആശ്വാസ ജയം നേടി ന്യൂസിലാന്‍ഡ് വനിതാ ടീം. ഹാമില്‍ട്ടണില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തിയ 149 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലാന്‍ഡ് 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ന്യൂസിലാന്‍ഡിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സൂസി ബേറ്റ്‌സും മൂന്നാമനായി ഇറങ്ങിയ നായിക എമി സറ്റര്‍വെയ്റ്റും ചേര്‍ന്ന് വലിയ പരിക്കേല്‍ക്കാതെ കീവീസിന് ജയത്തിലേക്ക് എത്തിച്ചു. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ ആദ്യമേ ജയം പിടിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. സ്മൃതി മന്ദാനയാണ് പ്ലേയര്‍ ഓഫ് ദി സീരീസ്. മൂന്ന് മത്സരങ്ങളില്‍ നിന്നും 196 റണ്‍സാണ് മന്ദാന നേടിയത്. 
മൂന്നാം ഏകദിനത്തില്‍ ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്തിറങ്ങിയ കീവീസിന് വേണ്ടി  എമിയും ബേറ്റ്‌സും അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയെ എറിഞ്ഞിട്ടത് പോലെ കീവീസ് ബാറ്റിങ് നിരയേയും വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കായില്ല. 57 റണ്‍സ് എടുത്ത ബേറ്റ്‌സിനെ പൂനം യാദവ് പുറത്താക്കിയപ്പോള്‍ ലോറന്‍ ഡൗണ്‍ 10 റണ്‍സ് എടുത്ത് നില്‍ക്കെ റണ്‍ഔട്ടായി. 

ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ പുരുഷ ടീം തകര്‍ന്നടിഞ്ഞതിന് സമാനമായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന്റെ ബാറ്റിങ്ങും. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ദീപ്തി ശര്‍മയുടെ അര്‍ധ ശതകം ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു. രോഹിത്തും സംഘവും ഹാമില്‍ട്ടണില്‍ ഇറങ്ങിയപ്പോള്‍ അങ്ങിനെയൊരു ഇന്നിങ്‌സ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ആരുടെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ദീപ്തി ശര്‍മയും, ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് തീര്‍ത്ത ചെറിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 150ന് അടുത്തേക്കെങ്കിലും എത്തിച്ചത്. 

92 റണ്‍സിനാണ് ഹാമില്‍ട്ടണില്‍ ഇന്ത്യ ഓള്‍ ഔട്ടായത്. കീവീസ് നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ജയം പിടിക്കുകയും ചെയ്തു. കോഹ് ലിയും ധോനിയും ഇല്ലാതെ ഇറങ്ങിയത് ഹാമില്‍ട്ടണില്‍ ഇന്ത്യയെ ശരിക്കും തിരിച്ചടിച്ചു. ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച വെല്ലിങ്ടണില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com