ഷമി എല്ലാം മാറ്റിമറിച്ചു കഴിഞ്ഞു; അന്ന് ഗാര്‍ഹീക പീഡനം, വിവാഹേതര ബന്ധം, ഇന്ന് ലോക കപ്പ് ടീമില്‍ പേരുറപ്പിച്ചു കഴിഞ്ഞ പേസര്‍

ഇത്രയും മികവില്‍ ഷമിയെ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തന്നെ പറഞ്ഞു കഴിഞ്ഞു
ഷമി എല്ലാം മാറ്റിമറിച്ചു കഴിഞ്ഞു; അന്ന് ഗാര്‍ഹീക പീഡനം, വിവാഹേതര ബന്ധം, ഇന്ന് ലോക കപ്പ് ടീമില്‍ പേരുറപ്പിച്ചു കഴിഞ്ഞ പേസര്‍

പെണ്‍കുട്ടികളുമായുള്ള ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടായിരുന്നു ഭാര്യ ഹസിന്‍ ജഹാന്റെ തുടക്കം. പിന്നാലെ ഗാര്‍ഹീക പീഡന പരാതിയും, ഒത്തുകളി ആരോപണങ്ങളും ഷമിയുടെ മേല്‍ ഹസിന്‍ ചാര്‍ത്തി. ആരോപണങ്ങളുടെ കുത്തൊഴുക്ക് ഫീല്‍ഡിലെ മുഹമ്മദ് ഷമിയേയും ബാധിച്ചു. എന്നാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ പ്രധാന പേസറാണ് മുഹമ്മദ് ഷമി ഇപ്പോള്‍. 

ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടുവിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമി ദേവ്ധര്‍ ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. ഭാര്യ ഷമിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ തൊട്ടടുത്ത ദിവസം കളിയില്‍ 10 ഓവറില്‍ ഷമി വാങ്ങിക്കൂട്ടിയത് 96 റണ്‍സ്. അവിടം കൊണ്ടും തീര്‍ന്നില്ല. കളിക്കാരുടെ കരാര്‍ പുതുക്കിയത് ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ആ ലിസ്റ്റില്‍ ഷമിയുടെ പേരുണ്ടായില്ല. വിവാദങ്ങളെ തുടര്‍ന്ന് ഷമിയുടെ കരാര്‍ പുതുക്കുന്നത് ബിസിസിഐ മരവിപ്പിച്ചു. 

ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്കെത്തിച്ച പേസര്‍ക്ക് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണവും നേരിടേണ്ടി വന്നു. അന്വേഷണത്തില്‍ ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തി. ബിസിസിഐ കരാര്‍ പുതുക്കി. എന്നാല്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഏകദിന ടീമിലെ സ്ഥാനം ഷമിക്ക് നഷ്ടപ്പെട്ടിരുന്നു. 

ഒരു വര്‍ഷത്തിന് ശേഷം ഷമിയുടെ കാര്യങ്ങള്‍ ഇങ്ങനെയല്ല. ലോക കപ്പ് ടീമില്‍ ഷമി സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പരയില്‍, ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഷമി നടത്തിയ ശ്രമം പ്രകടമായിരുന്നു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റും കളിച്ച ഷമി 16 വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയയിലേക്ക് പരമ്പരയ്ക്കായി പോകുന്നതിന് മുന്‍പ് കേരളത്തിനെതിരെ ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയിലും ഷമി ബോള്‍ ചെയ്തു. 

ഇന്നിങ്‌സില്‍ 15 ഓവര്‍ മാത്രമേ എറിയാവു എന്നായിരുന്നു ടീം മാനേജ്‌മെന്റ് രഞ്ജി കളിക്കാന്‍ എത്തിയ ഷമിയോട് നിര്‍ദേശിച്ചത്.  ഷമി 26 ഓവര്‍ എറിഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് ഭൂമ്രയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും ഒപ്പം എത്തിയ ഷമി നാല് ടെസ്റ്റില്‍ നിന്നും 16 വിക്കറ്റ് വീഴ്ത്തി. ഏറെ നാള്‍ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരികെ എത്തിയ ഷമി ഓസീസിനെതിരെ മികവ് കാട്ടി. പരമ്പരയില്‍ രണ്ട് വട്ടം മാന്‍ ഓഫ് ദി മാച്ച് ആയി, ന്യൂസിലാന്‍ഡിലേക്ക് എത്തുമ്പോഴും ഫോമില്‍ ഏറ്റക്കുറച്ചിലില്ല. 

കുടുംബ പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തി പരിശീലനത്തില്‍ മാത്രം ശ്രദ്ധ തിരിച്ച് കരിയറിലെ ഏറ്റവും മികച്ച സമയത്തിലേക്കെത്തുകയാണ് ഷമി. ഇത്രയും മികവില്‍ ഷമിയെ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തന്നെ പറഞ്ഞു കഴിഞ്ഞു. ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ ഭുവിക്കും ഭൂമ്രയ്ക്കും ഒപ്പം ഷമിയുമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com