സ്റ്റാര്‍കും സിഡിലും മാര്‍ഷും ഇന്ത്യയിലേക്കില്ല ; റിച്ചാര്‍ഡ്‌സണെ തിരിച്ചുവിളിച്ചു ; ഓസീസ് ടീം റെഡി 

പേസ് ബൗളര്‍ പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെയും ടീമില്‍ നിന്നും ഒഴിവാക്കി
സ്റ്റാര്‍കും സിഡിലും മാര്‍ഷും ഇന്ത്യയിലേക്കില്ല ; റിച്ചാര്‍ഡ്‌സണെ തിരിച്ചുവിളിച്ചു ; ഓസീസ് ടീം റെഡി 

മെല്‍ബണ്‍ : ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് ടീമില്‍ ഫാസ്റ്റ് ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍കും പീറ്റര്‍ സിഡിലും ഉണ്ടാകില്ല. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഏറ്റ പരിക്കാണ് ഇടങ്കയ്യന്‍ പേസറായ സ്റ്റാര്‍ക്കിന് വിനയായത്. മാര്‍ച്ചില്‍ പാകിസ്ഥാനെതിരായ പരമ്പരയില്‍ സ്റ്റാര്‍കിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു. 

പേസ് ബൗളര്‍ പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം കെയ്ന്‍ റിച്ചാര്‍സണെ ടീമിലേക്ക് മടക്കി വിളിച്ചിട്ടുണ്ട്. പരിക്കില്‍ നിന്നും മോചിതനായി വരുന്ന ഷോണ്‍ മാര്‍ഷിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഷോണ്‍ മാര്‍ഷ് പരമ്പരയുടെ മധ്യത്തോടെ ടീമില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. 

ആഭ്യന്ത ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഡാര്‍സി ഷോര്‍ട്ട്‌സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോണ്‍ മാര്‍ഷിന് പകരക്കാരനായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പേസ് ബൗളര്‍ നേതന്‍ കോള്‍ട്ടര്‍നീലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ആരോണ്‍ഫിഞ്ചാണ് ഓസീസ് നായകന്‍.

ഇന്ത്യക്കെതിരെ രണ്ട് ട്വന്റി-20 യും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയ കളിക്കുക. ഫെബ്രുവരി 24 ന് ട്വന്റി-20 മല്‍സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക. 24 ന് വിശാഖപട്ടണം, 27 ന് ബംഗളൂരു എന്നിവിടങ്ങളിലാണ് ട്വന്റി-20 മല്‍സരം. മാര്‍ച്ച് രണ്ടിന് ഹൈദരാബാദ്, അഞ്ചിന് നാഗ്പൂര്‍, എട്ടിന് റാഞ്ചി, 10 ന് മൊഹാലി, 13 ന് ഡല്‍ഹി എന്നിവിടങ്ങിലാണ് ഏകദിന മല്‍സരങ്ങള്‍ നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com