അര്‍ജന്റീന ജന്മം നല്‍കി, ഫ്രാന്‍സ് വളര്‍ത്തി, ഇംഗ്ലീഷ് ചാനലില്‍ പൊലിഞ്ഞ ജീവന്‍, എമിലിയാനോ സല!

ലിവര്‍പൂള്‍ താരം മുഹമ്മത് സല മൈതാനത്തിറങ്ങുമ്പോള്‍ നേര്‍ക്കു നേര്‍ വരുന്നതിനെ കുറിച്ചാണ് അര്‍ജന്റീനയുടെ സല പറഞ്ഞുകൊണ്ടിരുന്നത്
അര്‍ജന്റീന ജന്മം നല്‍കി, ഫ്രാന്‍സ് വളര്‍ത്തി, ഇംഗ്ലീഷ് ചാനലില്‍ പൊലിഞ്ഞ ജീവന്‍, എമിലിയാനോ സല!

നാന്റെസില്‍ നിന്നും പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്ന ഒരു താരം നേടുന്ന ഉയര്‍ന്ന പ്രതിഫലം. ലിവര്‍പൂള്‍ താരം മുഹമ്മത് സല മൈതാനത്തിറങ്ങുമ്പോള്‍ നേര്‍ക്കു നേര്‍ വരുന്നതിനെ കുറിച്ചാണ് അര്‍ജന്റീനയുടെ സല പറഞ്ഞുകൊണ്ടിരുന്നത്. വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരുങ്ങി തന്നെയായിരുന്നു ആ ചേക്കേറല്‍ .പക്ഷേ അര്‍ജന്റീന ജന്മം നല്‍കി, ഫ്രാന്‍സ് പാകപ്പെടുത്തി ഒടുവില്‍ ഇംഗ്ലീഷ് ചാനലില്‍ തകര്‍ന്നു വീണ് പറന്നകലാനായിരുന്നു വിധി. 

ലീഗ് വണ്ണില്‍ നാന്റെസിന് വേണ്ടി 19 കളിയില്‍ നിന്നും 12 വട്ടം വല ചലിപ്പിച്ചാണ് ഈ ആറടി ഒരിഞ്ചുകാരന്‍ സ്‌ട്രൈക്കര്‍ പ്രീമിയര്‍ ലീഗ് ക്ലബ് കാര്‍ഡിഫ് സിറ്റിയുടെ നോട്ടപ്പുള്ളിയായത്. ആ പൊക്കം മുന്നേറ്റ നിരയില്‍ സലയ്ക്ക് നല്‍കുന്ന മുന്‍തൂക്കം ചെറുതായിരുന്നില്ല, ഒപ്പം കാലുകളില്‍ നിറഞ്ഞ മികവും. 

അഞ്ച് വമ്പന്‍ യൂറോപ്യന്‍ ലീഗുകളില്‍ സലയേക്കാള്‍ കൂടുതല്‍ ഗോള്‍ ഈ സീസണില്‍ സ്‌കോര്‍ ചെയ്ത അര്‍ജന്റീനിയന്‍ താരം സാക്ഷാല്‍ മെസി മാത്രമാണ്. പക്ഷേ അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്ക് സലയെ അറിയില്ലായിരുന്നു. പ്രീമിയര്‍ ലീഗിലെത്തിയാല്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് തന്നെ എത്തിക്കാനുള്ള ശേഷിയുണ്ടായിരുന്നു താരത്തിന്. പ്രൊയട്ടോ ക്രെഷര്‍ എന്ന അര്‍ജന്റീനിയന്‍ ക്ലബിന് വേണ്ടിയാണ് സല കളിച്ചു തുടങ്ങിയത്. 

2010ല്‍ യൂറോപ്പിലേക്ക് ചേക്കേറിയതിന് പിന്നാലെ കരുത്തനായ മുന്നേറ്റ നിരക്കാരന്‍ എന്ന പേര് സലയെ തേടിയെത്തി. ഇരുപതാം വയസില്‍ ബോര്‍ഡക്‌സ്യുവിലേക്ക് എത്തിയ സലയ്ക്ക് അവസരങ്ങള്‍ ലഭിച്ചില്ല. ഇതോടെ ചെറിയ ക്ലബുകളായ ഒര്‍ലീന്‍സ് ഉള്‍പ്പെടെയുള്ള ക്ലബുകളിലേക്ക് ലോണായി ചേക്കേറേണ്ടി വന്നു. ഒടുവില്‍ 2015ല്‍ അഞ്ച് വര്‍ഷത്തെ കരാറില്‍ നാന്റെസിലേക്ക് എത്തിയതിന് ശേഷമാണ് സലയുടെ കരിയര്‍ ഉയരാന്‍ തുടങ്ങിയത്. 

മൂന്ന് സീസണില്‍ നാന്റെസിന് വേണ്ടി 101 കളികള്‍ക്കിറങ്ങിയ സല 42 ഗോളുകള്‍ നേടി. നാന്റെസിലെ പ്രധാനപ്പെട്ട താരമായി വളര്‍ന്നുവെങ്കിലും ക്ലബ് വിടാന്‍ സലയും, സലയെ നല്‍കി വലിയ വില സ്വന്തമാക്കാന്‍ ക്ലബ് പ്രസിഡന്റും ഉറപ്പിച്ചതോടെ പ്രീമിയര്‍ ലീഗിലേക്കുള്ള വിളിയെത്തി. ഓരോ വട്ടം ബോളിന് വേണ്ടിയും സല പൊരുതുന്നത് കാണണം. അത് ടിം അംഗങ്ങളെ പോലും പ്രചോദിപ്പിക്കുന്നതാണ്. എല്ലാവര്‍ക്കും മാതൃകയാണ് സല. ഫുള്‍ഹാം മാനേജര്‍ റനിയേരി കഴിഞ്ഞ സീസണില്‍ സലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്. റനിയേരി നാന്റെസ് വിട്ടതിന് ശേഷവും സല തന്റെ ഫോമില്‍ തന്നെ കളി തുടര്‍ന്നു. എംബാപ്പെ, കവാനി, പെപ്പെ, നെയ്മര്‍ എന്നിവരാണ് ലീഗ് വണ്ണില്‍ സലയ്ക്ക് മുന്നിലുള്ളത്.

കഴിഞ്ഞ സീസണില്‍ ലീഗ് വണ്ണില്‍ ഹാട്രിക് നേടിയ ആദ്യ താരമായിരുന്നു സല. ജീവിതത്തില്‍ അവസാനമായി സല ഗോള്‍ വല ചലിപ്പിച്ചത് ഡിസംബറിലാണ്. മാഴ്‌സില്ലെയ്‌ക്കെതിരായ മത്സരത്തിലാണ് അത്. അവസാനമായി കളിക്കാന്‍ ഇറങ്ങിയത് ജനുവരി പതിനാറിനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com