വിരമിക്കല്‍ പ്രഖ്യാപനം ഞാന്‍ പുനഃപരിശോധിക്കും; 14 സിക്‌സുകള്‍ പറത്തി ഗെയില്‍ പറയുന്നു

2019 ലോക കപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നായിരുന്നു ക്രിസ് ഗെയിലിന്റെ പ്രഖ്യാപനം
വിരമിക്കല്‍ പ്രഖ്യാപനം ഞാന്‍ പുനഃപരിശോധിക്കും; 14 സിക്‌സുകള്‍ പറത്തി ഗെയില്‍ പറയുന്നു

റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കടപുഴക്കിയെറിഞ്ഞ് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ഗ്രനഡയിലെ സെഞ്ചുറിക്ക് ശേഷം ക്രിസ് ഗെയില്‍ പറയുകയാണ്, വിരമിക്കല്‍ പ്രഖ്യാപനം ഞാന്‍ പുനഃപരിശോധിച്ചേക്കും...2019 ലോക കപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നായിരുന്നു ക്രിസ് ഗെയിലിന്റെ പ്രഖ്യാപനം. പക്ഷേ ഈ പ്രഖ്യാപനത്തിന് ശേഷം പിന്നെയങ്ങോട്ട് തകര്‍ത്തു കളിക്കുകയാണ് യൂണിവേഴ്‌സല്‍ ബോസ്. 

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ 162 റണ്‍സാണ് ഗെയില്‍ അടിച്ചെടുത്തത്. ട്വന്റി20 ക്രിക്കറ്റ് ആണ് ഞാന്‍ അധികവും കളിക്കുന്നത്. ഏകദിനത്തിലേക്ക് വരുമ്പോള്‍ ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ എന്റെ ശരീരം 50 ഓവര്‍ ക്രിക്കറ്റിനോട് ഇണങ്ങുന്നുവെന്നും ഗെയില്‍ പറയുന്നു. 

ഞാന്‍ നാല്‍പ്പതിനോട് അടുത്തു. ഫിറ്റ്‌നസിനായി എനിക്കിനിയും ചെയ്യുവാനുണ്ട്. അതിലൂടെ ക്രീസ് ഗെയ്‌ലിനെ കൂടുതല്‍ കാണുവാന്‍ നിങ്ങള്‍ക്കാവും. കാര്യങ്ങള്‍ മാറുന്നത് പെട്ടെന്നാണ്. എനിക്ക് വിരമിക്കാതിരിക്കുവാനാവുമോ? പതിയെ തീരുമാനം എടുക്കുമെന്നും ഗെയില്‍ പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 347 റണ്‍സ് ഗെയില്‍ സ്‌കോര്‍ ചെയ്ത് കഴിഞ്ഞു. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയാണ് ഗെയിലിന്റെ കളി. 418 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിനെ ഗെയിലിന്റെ തകര്‍പ്പന്‍ കളിയാണ് ജയത്തോട് അടുപ്പിച്ചത്. 97 പന്തില്‍ നിന്നും 11 ഫോറും 14 സിക്‌സുമാണ് ഗെയില്‍ പറത്തിയത്. എന്നാല്‍ ഗെയില്‍ മടങ്ങിയതോടെ വിന്‍ഡിസിന്റെ സാധ്യതകള്‍ അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com