ഭാവി താരങ്ങളെ കണ്ടെത്താൻ ​ഗോൾ 2019; ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഇന്റർ കൊളജിയറ്റ് ഫുട്ബോൾ പോരാട്ടത്തിന് ഉജ്ജ്വല തുടക്കം

ഭാവി താരങ്ങളെ കണ്ടെത്താൻ ​ഗോൾ 2019; ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഇന്റർ കൊളജിയറ്റ് ഫുട്ബോൾ പോരാട്ടത്തിന് ഉജ്ജ്വല തുടക്കം

കൊച്ചി: മികച്ച താരങ്ങളെ കണ്ടെത്താനായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നടത്തുന്ന ​ഇന്റർ കൊളജിയറ്റ് പോരാട്ടമായ ഗോൾ ഫുട്ബോൾ ടൂർണമെന്റിന് (ടിഎൻഐഇ ​ഗോൾ-2019) ഉജ്ജ്വല തുടക്കം. ടൂർണമെന്റിന്റെ എട്ടാം അധ്യായത്തിനാണ് ഇന്ന് തുടക്കമായത്. ഇന്ന് മുതൽ ഈ മാസം 20വരെ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കേരളത്തിലെ 24 കോളജ് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. 

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സമ്മാന തുക നൽകുന്ന കോളജ് തലത്തിലുള്ള ഫുട്ബോൾ ടൂർണമെന്റാണിത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. 

ടൂർണമെന്റിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് വളർന്ന് വരാൻ അവസരമൊരുക്കുന്ന ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ആത്മാർഥ ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. ദേശീയ തലത്തിൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ ടൂർണമെന്റിന് സാധിച്ചിട്ടുണ്ട്. ഇത്തരമൊരു ടൂർണമെന്റ് നടത്തുന്നതിനായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിൽ ഡയറക്ടർ പ്രഭു ചാവ്‌ല നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹത്തിന്റെ നേതൃത്വത്തേയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു. രമേശ് ചെന്നിത്തലയും പ്രഭു ചാവ്‌ലയും ചേർന്ന് ടൂർണമെന്റിന്റെ പതാക ഉയർത്തി. 

ചടങ്ങിൽ കൊച്ചി ഡെപ്യൂട്ടി മേയർ ടിജെ വിനോദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അം​ഗം അജയ് തറയിൽ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെഎംഐ മേത്തർ എന്നിവർ സംബന്ധിച്ചു. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റസിഡന്റ് എഡിറ്റർ (കേരള) വിനോദ് മാത്യു സ്വാ​ഗതവും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജനറൽ മാനേജർ (കേരള) പി വിഷ്ണു കുമാർ നന്ദിയും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com