റൊണാള്‍ഡോ മാനസിക രോഗി, അയാള്‍ പറയുന്ന കള്ളം ഇനിയും കേട്ടിരിക്കാന്‍ വയ്യ; ലൈംഗിക ആരോപണവുമായി മുന്‍ കാമുകി

ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദര്‍ മത്സരാര്‍ഥിയുമായ ജാസ്മിന്‍ ലെന്നാര്‍ഡാണ് റോണോക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
റൊണാള്‍ഡോ മാനസിക രോഗി, അയാള്‍ പറയുന്ന കള്ളം ഇനിയും കേട്ടിരിക്കാന്‍ വയ്യ; ലൈംഗിക ആരോപണവുമായി മുന്‍ കാമുകി

ലണ്ടന്‍: പോര്‍ച്ചുഗലിന്റെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിനെ മികവിനൊപ്പം പുറത്തെ വിവാദങ്ങളിലും എക്കാലവും നായകനാണ്. ഇപ്പോള്‍ വീണ്ടുമൊരു ലൈംഗിക ആരോപണ വിവാദമാണ് താരത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ സ്‌കൂള്‍ ടീച്ചറായ കാതറിന്‍ മയോര്‍ഗ എന്ന യുവതി റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് സൂപ്പര്‍ താരത്തിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി രംഗത്തെത്തിയിരിക്കുന്നത്. 

ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദര്‍ മത്സരാര്‍ഥിയുമായ ജാസ്മിന്‍ ലെന്നാര്‍ഡാണ് റോണോക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റോണാള്‍ഡോക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയ യുവതി, താരം ഒരു മാനസിക രോഗിയാണെന്നും ആരോപിച്ചു. നേരത്തെ ബലാത്സംഗ കേസ് ഫയല്‍ ചെയ്ത കാതറിന്‍ മയോര്‍ഗയ്ക്ക് സഹായം വാഗ്ദാനം ചെയ്ത ജാസ്മിന്‍ താരം തനിക്കയച്ച മസേജുകളടക്കമുള്ള തെളിവുകളും ഹാജരാക്കുമെന്ന് വ്യക്തമാക്കി. ക്രിസ്റ്റ്യാനോയുമായി 10 വര്‍ഷം മുന്‍പ് താന്‍ ഡേറ്റിങ്ങിലായിരുന്നുവെന്നാണ് ജാസ്മിന്‍ ലെന്നാര്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. താരം മാഞ്ചെസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന കാലത്തായിരുന്നു ബന്ധമുണ്ടായിരുന്നതെന്നും ജാസ്മിന്‍ പറയുന്നു. 

'അയാളൊരു മാനസിക രോഗിയാണ്. അയാളുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനെ കുറിച്ച് ചെറിയ ഒരു സൂചനയെങ്കിലും ലഭിച്ചാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. ഇനിയും ക്രിസ്റ്റ്യാനോ പറയുന്ന കള്ളം കേട്ടിരിക്കാന്‍ എനിക്കാവില്ല. നേരത്തെ ബലാത്സംഗ കേസ് നല്‍കിയ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയ്ക്ക് സഹായം വാഗ്ദാനം ചെയ്യാന്‍ തയ്യാറാണ്. അയാള്‍ക്കെതിരെ ഹാജരാക്കാന്‍ തന്റെ പക്കല്‍ മെസേജുകളും റെക്കോര്‍ഡിങ്ങുകളും ഉണ്ട്'- ജാസ്മിന്‍ ലെന്നാര്‍ഡ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജാസ്മിന്‍ ലെന്നാര്‍ഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി.

അതേസമയം ജാസ്മിന്‍ ലെന്നാര്‍ഡിന്റെ ആരോപണങ്ങള്‍ തള്ളി റൊണാള്‍ഡോയുടെ അഭിഭാഷക സംഘം രംഗത്തെത്തി. ജാസ്മിന്റെ ആരോപണങ്ങള്‍ കള്ളമാണെന്നും താരത്തെ മനഃപൂര്‍വം വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷക സംഘം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com