ഇംഗ്ലീഷ് കോച്ചിന്റെ പിള്ളേരെ തറപറ്റിച്ച് എംഇഎസ് കോളെജ്; ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം ജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 05:22 AM  |  

Last Updated: 12th January 2019 05:22 AM  |   A+A-   |  

goal_1

കൊച്ചി: കോതമംഗലം എംഎ കോളെജിനെ ടൈബ്രേക്കറില്‍ തകര്‍ത്ത് മാമ്പാട് എംഇഎസ് കോളെജ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ഓള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിലാണ് എംഇഎസ് കോളെജ് ജയം സ്വന്തമാക്കിയത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ രണ്ടു ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ച മത്സരം ഒടുവില്‍ ടൈബ്രേക്കറിലാണ് വിധിയെഴുതിയത്. 6-5 എന്ന സ്‌കോറിനാണ് എംഇഎസ് ജയിച്ചുകയറിയത്. 

ടൂര്‍ണമെന്റിലെതന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിനായിരുന്നു ഇന്നലെ മഹാരാജാസ് കോളെജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. മത്സരത്തിലെ ആദ്യ രണ്ട് ഗോളുകളും എംഇഎസ് കോളെജാണ് നേടിയത്. അനായാസ വിജയത്തിലേക്ക് എംഇഎസ് കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കടത്ത മത്സരം തന്നെയാണ് എംഎ കോളെജ് ഉയര്‍ത്തിയത്. അവസാന വിസില്‍ മുഴങ്ങുന്നതിന് മുമ്പ് രണ്ടു തവണ ഗോള്‍ വല കുലുക്കി 2-2 എന്ന നിലയില്‍ സമനില പിടിക്കാന്‍ ഇവര്‍ക്കായി. ടൈബ്രേക്കറില്‍ ഒരു പോയിന്റിന്റെ നഷ്ടത്തിലാണ് എംഎ കോളെജിന് ജയം അന്യമായത്. 4-3 എന്ന നിലയില്‍ ടൈബ്രേക്കര്‍ അവസാനിച്ചപ്പോള്‍ 6-5 എന്ന നിലയില്‍ കളി എംഇഎസ് നേടി. 

മാഞ്ചെസ്റ്ററിലെ ഫുട്‌ബോള്‍ അക്കാഡമി ഡയറക്ടറായിരുന്ന ഡെക് സ്മിത്താണ് എംഎ കോളെജിന്റെ പരിശീലകന്‍. ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും സ്മിത് തന്റെ കുട്ടികളുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. എംഇഎസ് വളരെ മികച്ച കളി തന്നെയാണ് പുറത്തെടുത്തതെന്നായിരുന്നു പരിശീലകന്റെ വാക്കുകള്‍.