ഓസീസിന് ചരിത്ര നേട്ടം; അന്താരാഷ്ട്രമത്സരങ്ങളില്‍ ആയിരം വിജയം

ആദ്യമായി ആയിരം അന്താരാഷ്ട്രമത്സരങ്ങള്‍ വിജയിക്കുന്ന ടീം എന്ന ബഹുമതി ഓസിസ് സ്വന്തമാക്കി.  1877ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസിസിന്റെ ആദ്യവിജയം
ഓസീസിന് ചരിത്ര നേട്ടം; അന്താരാഷ്ട്രമത്സരങ്ങളില്‍ ആയിരം വിജയം

സിഡ്‌നി: സിഡ്‌നിയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഓസീസ് ടീം ചരിത്ര നേട്ടം കൈവരിച്ചു. ആദ്യമായി ആയിരം അന്താരാഷ്ട്രമത്സരങ്ങള്‍ വിജയിക്കുന്ന ടീം എന്ന ബഹുമതി ഓസിസ് സ്വന്തമാക്കി.  1877ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസിസിന്റെ ആദ്യവിജയം.

വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഓസീസിന്റെ നൂറാം വിജയം. പാക്കിസ്ഥാനെതിരെയായിരുന്നു അഞ്ഞൂറാം വിജയം. എന്നാല്‍ ആയിരം വിജയം നേടുന്ന ആദ്യടീമെന്ന നേട്ടം ഇന്ത്യയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയ നേടിയത്. ഓസിസ് മണ്ണില്‍ ടെസ്്റ്റ് പരമ്പരയില്‍ ചരിത്രനേട്ടം നേടിയ ഇന്ത്യന്‍ ടീമിനെതിരെ ചരിത്രവിജയം നേടാനായത് ഒരേസമയം മധുരപ്രതികാരം കൂടിയായി.

അതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം ധോനി സ്വന്തമാക്കി. ഇന്ത്യഓസ്‌ട്രേലിയ ഏകദിന പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്തെത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (3077), റിക്കി പോണ്ടിങ് (2164) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്. കൂടാതെ ആറു സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് താരം ഡെസ്മണ്ട് ഹെയിന്‍സിനെ മറികടന്ന് രോഹിത് ഓസീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമായി. ഓസീസിനെതിരേ രോഹിത്തിന്റെ ഏഴാം സെഞ്ചുറിയായിരുന്നു ഇന്നത്തേത്.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. 289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍ രോഹിത് ശര്‍മയാണ് കളിയിലെ ടോപ് സ്‌കേറര്‍. 129 ബോളില്‍ നിന്നാണ് രോഹിതിന്റെ 131 റണ്‍സ് നേട്ടം. 96 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം ധോനി 51 റണ്‍സെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിക്ക് മൂന്ന് റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 

ഓസ്‌ട്രേലിയയ്ക്കായി ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്‌റ്റോയിനിസ് (47) റണ്‍സ് നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com