രണ്ടാം ഏകദിനത്തില്‍ ഈ രണ്ട് താരങ്ങള്‍ ഉണ്ടായേക്കില്ല; പ്ലേയിങ് ഇലവനിലേക്ക് പകരം കളിക്കാരും റെഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 05:25 PM  |  

Last Updated: 14th January 2019 05:29 PM  |   A+A-   |  

odi

നാല് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീണതായിരുന്നു ഇന്ത്യയെ സിഡ്‌നിയില്‍ പിടിച്ചു കുലുക്കിയത്. സെഞ്ചുറിയുമായി രക്ഷാപ്രവര്‍ത്തനത്തിന് രോഹിത് ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ ഉപനായകന് അത് ഒറ്റയ്ക്ക് സാധിക്കുന്നതായിരുന്നില്ല. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസീസ് ലീഡ് നേടിക്കഴിഞ്ഞു. പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് നാളെ ജയം അനിവാര്യമാണ്. 

അഡ്‌ലെയ്ഡില്‍ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇറങ്ങിയ പ്ലേയിങ് ഇലവനില്‍ നിന്നും രണ്ട് പേരെ രണ്ടാം ഏകദിനത്തില്‍ നിന്നും കോഹ് ലി മാറ്റി നിര്‍ത്താന്‍ സാധ്യതയുണ്ട്. മധ്യനിരയില്‍ നിന്നും ദിനേശ് കാര്‍ത്തിക്കും, പേസ് നിരയില്‍ നിന്നും ഖലീല്‍ അഹ്മദും അഡ്‌ലെയ്ഡില്‍ കളിക്കാന്‍ സാധ്യതയില്ല. 

ഫോമില്ലുള്ള പന്തിനെ മാറ്റി നിര്‍ത്തിയായിരുന്നു കാര്‍ത്തിക് ടീമില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ സിഡ്‌നിയില്‍ 12 റണ്‍സിന് കാര്‍ത്തിക് പുറത്തായി. നിര്‍ണായക ഘട്ടത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രീസില്‍ നിലയുറപ്പിക്കാന്‍ കാര്‍ത്തിക്കിനായില്ല. അമ്പാട്ടി റായിഡുവിന്റെ ബൗളിങ് ആക്ഷന് നേരെ ചോദ്യം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ത്തികിന് പകരം കേഥാര്‍ ജാദവിനെ ഇന്ത്യ പരീക്ഷിച്ചേക്കും. 

അഗ്രസീവ് ബാറ്റ്‌സ്മാനായും, ബൗളിങ്ങിലും ഇന്ത്യയ്ക്ക് ജാദവിനെ ആശ്രയിക്കാം. ഖലീല്‍ അഹ്മദാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. അഹ്മദ്, ഭുവി, ഷമി എന്നിങ്ങനെ മൂന്ന് പേസര്‍മാരുമായിട്ടായിരുന്നു അഹ്മദ് ഇറങ്ങിയത്. എന്നാല്‍ അഹ്മദിന് വിക്കറ്റ് വീഴ്ത്താനായില്ല എന്നതിന് പുറമെ, ഈ യുവതാരത്തിന്റെ ഇക്കണോമി റേറ്റായിരുന്നു മുന്നില്‍. 

ന്യൂ ബോളില്‍ ലൈനും ലെങ്തും നിലനിര്‍ത്തുന്നതിലും ഖലീല്‍ പരാജയപ്പെട്ടു. പവര്‍പ്ലേയില്‍ മികച്ച കളി പുറത്തെടുക്കാന്‍ ഖലീലിന്റെ പോരായ്മ ഓസീസിനെ സഹായിക്കുകയും ചെയ്തു. വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയിലും, ഓസീസിനെതിരായ ട്വന്റി20യിലും കഴിവ് തെളിയിക്കാന്‍ അഹ്മദിന് വേണ്ട അവസരമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിനായില്ല. 

അഹ്മദിന് പകരം അഡ്‌ലെയ്ഡില്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിച്ചേക്കും. കരിയറില്‍ അധികം അവസരങ്ങള്‍ സിറാജിന് ലഭിച്ചിട്ടില്ല. ഖലീലിന് ലഭിച്ചത് പോലെ അവസരം മുഹമ്മദ് സിറാജിനും ലഭിക്കേണ്ടതുണ്ട്. അതിനാല്‍ രണ്ടാം  ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനില്‍ അഹ്മദ് ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്.