ടോട്ടന്‍ഹാമിന് കനത്ത തിരിച്ചടി; മാര്‍ച്ച് വരെ കെയ്ന്‍ ഇല്ല, വമ്പന്‍ കളികള്‍ നഷ്ടപ്പെടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 10:46 AM  |  

Last Updated: 16th January 2019 10:46 AM  |   A+A-   |  

harry_kane

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി നേരിട്ടതിന് പിന്നാലെ ടോട്ടന്‍ഹാമിന് വീണ്ടും തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ താരം ഹാരി കെയ്‌നിനെ പരിക്കിനെ തുടര്‍ന്ന് സീസണിന്റെ നിര്‍ണായക സമയത്ത് ടോട്ടന്‍ഹാമിന് നഷ്ടമാകുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഹാരി കെയ്‌നിന് മാര്‍ച്ച് വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഈ സീസണില്‍ എല്ലാ ലീഗുകളിലുമായി 20 ഗോളോടെ കെയ്‌നാണ് ടോട്ടന്‍ഹാമിന്റെ ടോപ് സ്‌കോറര്‍. മാര്‍ച്ച് ആദ്യ വാരത്തോടെ വീണ്ടും കെയ്‌നിന് പരിശീലനം തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്ന് ടോട്ടന്‍ഹാം വ്യക്തമാക്കി. 

പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടോട്ടന്‍ഹാമിന് കെയ്‌നിന്റെ അഭാവം വലിയ പ്രതിസന്ധി തീര്‍ക്കും. ലീഗ് കപ്പ് രണ്ടാം പാദ സെമി ഫൈനലില്‍ ചെല്‍സിക്കെതിരായ പോരും, ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ ഡോര്‍ട്ടുമുണ്ടിനെതിരായ കളിയിലുമെല്ലാം കെയ്ന്‍ ഇല്ലാതെ ടോട്ടന്‍ഹാമിന് ഇറങ്ങേണ്ടി വരും. 

സൗത്ത് കൊറിയയ്ക്ക് വേണ്ടി ഏഷ്യാ കപ്പില്‍ കളിക്കുന്നതിനായി സണ്‍ ഹ്യൂങ് മിന്നും പോയിരിക്കുന്നതിനാല്‍ ടോട്ടന്‍ഹാമിന്റെ മുന്നേറ്റ നിരയില്‍ വലിയ വിടവാണ് വീണത്. ഫെബ്രുവരി 27ന് ചെല്‍സിയേയും, മാര്‍ച്ച് രണ്ടിന് ആഴ്‌സണലിനേയും പ്രീമിയര്‍ ലീഗില്‍ നേരിടണം എന്നിരിക്കെ കെയ്‌നിന്റെ അഭാവം പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാമിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നു.