ഓപ്പണര്‍മാരെ ഭുവി മടക്കി, ചഹല്‍ മധ്യനിരയേയും തകര്‍ത്തു തുടങ്ങി; നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്ന് ഓസീസ്‌

ആദ്യ രണ്ട് ഏകദിനത്തില്‍ കണ്ടതിന് സമാനമായി ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് മധ്യനിര. എന്നാലവിടെ ചഹല്‍ സ്‌ട്രൈക്ക് ചെയ്തു
ഓപ്പണര്‍മാരെ ഭുവി മടക്കി, ചഹല്‍ മധ്യനിരയേയും തകര്‍ത്തു തുടങ്ങി; നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്ന് ഓസീസ്‌

പരമ്പര വിജയയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ പരുങ്ങുന്നു. ഓസീസ് സ്‌കോര്‍ നൂറിലേക്ക് എത്തിയപ്പോഴേക്കും അവരുടെ നാല് മുന്‍നിര ബാറ്റ്‌സമാന്‍മാര്‍ കൂടാരം കയറി. 24 ഓവര്‍ കളി പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 103 എന്ന സ്‌കോറിലാണ് ആതിഥേയര്‍.

ഓപ്പണര്‍മാരായ അലക്‌സ് കെയ്‌റേയും ആരോണ്‍ ഫിഞ്ചിനേയും ഭുവി മടക്കിയതിന് പിന്നാലെ, ആദ്യ രണ്ട് ഏകദിനത്തില്‍ കണ്ടതിന് സമാനമായി ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് മധ്യനിര. എന്നാലവിടെ ചഹല്‍ സ്‌ട്രൈക്ക് ചെയ്തതോടെ ആതിഥേയര്‍ പ്രതിസന്ധിയിലായി.

മൂന്നാം ഓവറില്‍ കെയ്‌റേയെ ഭുവി സെക്കന്റ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഒന്‍പതാമത്തെ ഓവറില്‍ വിക്കറ്റിന് മുന്നില്‍ ഫിഞ്ചിനേയും ഭുവി കുടുക്കി. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും കൂട്ടുകെട്ട് തീര്‍ത്ത് വലിയ നഷ്ടമില്ലാതെ ഓസീസ് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇടയില്‍ ചഹലിന്റെ ഡെലിവറിയില്‍ കഴിഞ്ഞ ഏകദിനത്തിലെ സെഞ്ചുറി വീരന്‍ ഷോണ്‍ മാര്‍ഷിനെ ധോനി സ്റ്റംപ് ചെയ്ത് ഡ്രസിങ് റൂമിലേക്ക് മടക്കി. 

23ാം ഓവറിലെ നാലാമത്തെ ബോളില്‍ ഖവാജയേയും മടക്കി ചഹല്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. രണ്ടാം ഏകദിനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന കുല്‍ദീപിന് പകരമാണ് ചഹല്‍ ടീമില്‍ ഇടംപിടിച്ചത്. ആദ്യ രണ്ട് ഏകദിനത്തിലും ചഹലിന് പ്ലേയിങ് ഇലവനില്‍ കടക്കാനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com