ന്യൂസിലാന്‍ഡിന്റെ ഘാതകരായി ഷമിയും കുല്‍ദീപും, ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയ ലക്ഷ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 10:26 AM  |  

Last Updated: 23rd January 2019 10:26 AM  |   A+A-   |  

kiwis

നേപ്പിയറില്‍ ചെയ്‌സ് ചെയ്യിച്ച് ഇന്ത്യയെ കുഴയ്ക്കാമെന്ന കീവീസ് തന്ത്രത്തിന് തിരിച്ചടി. 38 ഓവറില്‍ 157 റണ്‍സിന് ന്യീസീലാന്‍ഡ് ഓള്‍ ഔട്ടായി. ഷമിയും ചഹലും, കുല്‍ദീപും ജാദവും ചേര്‍ന്ന് കീവീസിനെ എറിഞ്ഞിടുകയായിരുന്നു. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കീവീസിന് വേണ്ടി വില്യംസന്‍ മാത്രമാണ് ചെറുത്ത് നിന്നത്. കൂട്ടുകെട്ടുകള്‍ അനുവദിക്കാതെ ഇന്ത്യ കൃത്യമായി വിക്കറ്റ് വീഴ്ത്തി വന്നു. കുല്‍ദീപ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്നും, ചഹല്‍ രണ്ടും, ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. 

ലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെടെ മികച്ച ഫോമിലേക്ക് ഉയരാനാവാതിരുന്ന നായകന്‍ കെയിന്‍ വില്യംസന്‍ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ തന്നെ ചെറുത്ത് നില്‍പ്പ് നടത്തി ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് നിന്ന വില്യംസിനെ കുല്‍ദീപ്, വിജയ് ശങ്കറിന്റെ കൈകളില്‍ എത്തിച്ചതോടെ ന്യൂസിലാന്‍ഡിന്റെ പ്രതീക്ഷകള്‍ മങ്ങി.

പതിനെട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും വില്യംസനും, ടെയ്‌ലറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തിനായി ശ്രമിച്ചുവെങ്കിലും ഫോമില്‍ കളിക്കുന്ന ടെയ്‌ലറെ ആക്രമണകാരിയാവാന്‍ അനുവദിക്കാതെ ചഹല്‍ മടക്കി. 34 റണ്‍സായിരുന്നു നാലാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് തീര്‍ത്തത്. ലാതമിനേയും
നികോളാസിനേയും സാന്ദനറിനേയുമെല്ലാം കൂട്ടുപിടിച്ച് വില്യംസന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി വന്നു.

കുല്‍ദീപും, ചഹലും ഉള്‍പ്പെടെ രണ്ട് പ്രധാന സ്പിന്നര്‍മാരേയും ഒരുമിച്ചിറക്കിയതിന്റെ മേല്‍ക്കോയ്മ കളിയില്‍ കാണാനായി. ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ ജാദവിനുമായതോടെ പിടിച്ചു നില്‍ക്കാന്‍ ന്യൂസിലാന്‍ഡിനായില്ല.