അപേക്ഷയുമായി ലയണൽ മെസി; 'പ്ലീസ്, തിരച്ചിൽ നിർത്തരുത്... എന്റെ ഹൃദയം ഇപ്പോഴും പറയുന്നു, സാലെ ജീവനോടെയുണ്ടെന്ന്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 08:05 PM  |  

Last Updated: 25th January 2019 08:05 PM  |   A+A-   |  

sala-1077689

 

ലണ്ടൻ: വിമാന യാത്രയ്ക്കിടെ കാണാതായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സാലെയ്ക്കായുള്ള തിരച്ചിൽ നിർത്തരുതെന്ന അപേക്ഷയുമായി ഇതിഹാസ താരം ലയണൽ മെസി. പ്രതീക്ഷ ബാക്കിയുള്ള സ്ഥിതിക്ക് തിരച്ചിൽ നിർത്തരുതെന്ന് മെസി ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടു. ഫ്രഞ്ച് നഗരമായ നാന്റെസിൽ നിന്ന് ഇംഗ്ലണ്ടിലെ കാർഡിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് താരം സഞ്ചരിച്ച ചെറു യാത്രാ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 

സാലെയ്ക്കൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സനുമായിരുന്നു വിമാനത്തിൽ. ഇരുവരും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ഇവർക്കായുള്ള തിരച്ചിൽ വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിലും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ നിർത്താൻ പൊലീസും അധികൃതരും തീരുമാനിച്ചത്.

നൂലിഴ വലിപ്പത്തിൽ പ്രതീക്ഷ ബാക്കി നിൽക്കുമ്പോൾ, ചെറിയൊരു സാധ്യതയെങ്കിലും അവശേഷിക്കുന്ന സാഹചര്യത്തിൽ, സാലെയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുന്നതായി മെസി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും എല്ലാ പിന്തുണയുമുണ്ടാകും. ഒപ്പം സാലയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. 

പ്ലീസ്..നിങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കരുത്. എല്ലാ വിവരവും അറിഞ്ഞു തന്നെയാണ് ഞാനിത് പറയുന്നത്. ഇനിയും ജീവനോടെയിരിക്കാനുള്ള സാധ്യത ഇല്ലാത്തതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചതെന്നും അറിയാം. എല്ലാവരുടേയും പ്രയത്‌നത്തെ അഭിനന്ദിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തിരച്ചില്‍ അവസാനിപ്പിക്കരുത്. ഈ നിമിഷത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. ഇത് വളരെ സമ്മര്‍ദ്ദമേറിയ നിമിഷമാണ്. എന്റെ സങ്കടവും നിരാശയും എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. എന്റെ ഹൃദയം ഇപ്പോഴും പറയുന്നു, സാലെ ജീവനോടെയുണ്ടെന്ന്. അവന്‍ പോരാളിയാണ്. അത്ര പെട്ടെന്ന് ഒന്നും കീഴടങ്ങില്ല. അവനും പൈലറ്റും അല്‍ഡേര്‍നി ദ്വീപുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുണ്ടാകും. മെസി വ്യക്തമാക്കി.

അതിനിടെ സാലെ കുടുംബാംഗങ്ങുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിമാനം തകരാൻ പോകുകയാണെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും സാലെ ബന്ധുക്കളോട് പറയുന്നുണ്ട്.

ഫ്രഞ്ച് ക്ലബ് നാന്റെസിൽ നിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് സാലെ പ്രീമിയർ ലീഗ് ക്ലബ് കാർഡിഫ് സിറ്റിയുമായി കരാർ ഒപ്പിട്ടത്. കാർഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയായ ഏകദേശം 167 കോടി രൂപക്കായിരുന്നു ക്ലബ് മാറ്റം. വെള്ളിയാഴ്ച കാർഡിഫിലെത്തിയ സാലെ രേഖകൾ ഒപ്പിടലും വൈദ്യ പരിശോധനയും പൂർത്തിയാക്കി നാന്റെസിലേക്കു തന്നെ മടങ്ങി. പിന്നീട് ടീമിനൊപ്പം ചേരാനായി കാർഡിഫിലേക്കുള്ള തിരിച്ചുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാതായത്.