നാലാം സ്ഥാനത്തെ സ്ഥിരതയല്ല, മധ്യനിരയില്‍ ഫ്‌ളെക്‌സിബിളിറ്റി പരീക്ഷണം മുന്നില്‍ വെച്ച് കോഹ് ലി

2017 ജനുവരിക്ക് ശേഷം ലോക കപ്പ് മുന്നില്‍ വെച്ച് 12 ബാറ്റ്‌സ്മാന്‍മാരെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചത്
നാലാം സ്ഥാനത്തെ സ്ഥിരതയല്ല, മധ്യനിരയില്‍ ഫ്‌ളെക്‌സിബിളിറ്റി പരീക്ഷണം മുന്നില്‍ വെച്ച് കോഹ് ലി

ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വി നേരിട്ടതിന് ശേഷം 9 ഏകദിന പരമ്പരകള്‍ കളിച്ചു. അതില്‍ കോഹ് ലിയുടെ നായകത്വത്തില്‍ ഇന്ത്യ തോല്‍വി അറിഞ്ഞത് ഒരു ഏകദിന പരമ്പരയില്‍ മാത്രം. ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും ഇന്ത്യ എതിര്‍ ടീമുകള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. പക്ഷേ അപ്പോഴും ബാറ്റിങ് പൊസീഷനിലെ നാലാം നമ്പറില്‍ ഇന്ത്യയുടെ തലവേദന ഒഴിയുന്നില്ല. 

2017 ജനുവരിക്ക് ശേഷം ലോക കപ്പ് മുന്നില്‍ വെച്ച് 12 ബാറ്റ്‌സ്മാന്‍മാരെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചത്. ഇതില്‍ ഒടുവിലെത്തിയതും, ഏറെ അവസരം ലഭിച്ചതും അമ്പാട്ടി റായിഡുവിന്.  2018 ഏഷ്യാ കപ്പില്‍ ടീമിലേക്ക് എത്തിയ റായിഡു 9 ഇന്നിങ്‌സില്‍ നിന്നും 341 റണ്‍സ് നേടി. 56 ബാറ്റിങ് ശരാശരിയും 93 സ്‌ട്രൈക്ക് റേറ്റും. റായിഡുവിന് വെല്ലുവിളി ഉയര്‍ത്തി എത്തിയത് ദിനേശ് കാര്‍ത്തിക്. അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെ കളി ഫിനിഷ് ചെയ്യാനുള്ള കഴിവാണ് കാര്‍ത്തികിന് മുന്‍തൂക്കം നല്‍കുന്നത്. 

പിന്നെയുള്ളത് ധോനിയും. വിക്കറ്റ് ഇന്ത്യയുടെ കയ്യിലുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തി കളിക്കാന്‍ ധോനിക്ക് കഴിഞ്ഞ കളികളില്‍ സാധിച്ചത് നാലാം സ്ഥാനത്ത് ധോനിക്കും സാധ്യത നല്‍കുന്നു. നാലാം സ്ഥാനത്തേക്ക് നമ്മള്‍ ഹര്‍ദിക് പാണ്ഡ്യയേയും ഒരിക്കല്‍ പരീക്ഷിച്ചിരുന്നു. നാലാം സ്ഥാനത്തേക്കുള്ള ഇത്രയും താരങ്ങളുടെ സാധ്യതകളും, റായിഡുവിന്റെ പുരോഗമനവും മുന്നിലുണ്ടെങ്കിലും നാലാം സ്ഥാനത്തേക്ക് ഫ്‌ളെക്‌സിബിള്‍ സമീപനമാണ് ഇന്ത്യന്‍ നായകന്‍ ലക്ഷ്യം വയ്ക്കുന്നത്. 

കഴിഞ്ഞ അഞ്ച് കളികള്‍ എടുത്താല്‍ നാലാം സ്ഥാനത്ത് നമുക്കിനിയും പരിഹരിക്കാനുണ്ട് എന്നാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം കോഹ് ലി പറഞ്ഞത്. ദിനേശ് കാര്‍ത്തിക് മികച്ച ഫോമിലാണ്. നമ്മള്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ക്രീസിലേക്കെത്തി ബാറ്റ് ചെയ്യാന്‍ കാര്‍ത്തിക്കിനാവും. ഏതെങ്കിലും ഘട്ടത്തില്‍ മധ്യനിരയില്‍ ഇങ്ങനെ ക്രമം തെറ്റിച്ച് മാറ്റങ്ങള്‍ വരുത്താന്‍ നമുക്കാകും. ധോനിയും മികച്ച പോമിലാണ്. അതിനാല്‍ എല്ലാവരും നല്ല സോണിലാണ്. ആദ്യ മൂന്ന് കളികള്‍ കഴിഞ്ഞതിന് ശേഷം എനിക്ക് തോന്നിയത് നമുക്ക് ഏറെ കാര്യങ്ങളില്‍ വേവലാതിപ്പെടാനില്ല എന്നാണെന്നും കോഹ് ലി പറഞ്ഞിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലെ റായിഡുവിന്റെ പ്രകടനത്തോടെ നാലാം നമ്പറില്‍ ഇന്ത്യ ആളെ കണ്ടെത്തി കഴിഞ്ഞു എന്നായിരുന്നു കോഹ് ലി അന്ന് പറഞ്ഞത്. എന്നാല്‍ ധോനിയെ നാലാം സ്ഥാനത്ത് പരിഗണിക്കണം എന്ന് തുറന്ന് പറഞ്ഞായിരുന്നു ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ രോഹിത്തിന്റെ വരവ്. മധ്യനിരയെ കൂടുതല്‍ ഫ്‌ളെക്‌സിബിളാക്കി ഏത് സമയവും ഏത് താരത്തേയും ഇറക്കുന്നതാണ് ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com