ഇന്ത്യയുടെ ഫീല്‍ഡിങ് മികവിന് പിന്നിലെ മൂന്ന് രഹസ്യങ്ങള്‍, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും പയറ്റിയത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2019 05:43 PM  |  

Last Updated: 30th January 2019 05:43 PM  |   A+A-   |  

fielding

ഫീല്‍ഡിങ്ങില്‍ മികവ് കൊണ്ടുവരുവാന്‍ ചില്ലറ ശ്രമങ്ങളല്ല ഇന്ത്യന്‍ ടീം നടത്തുന്നത്. റിയാക്ഷന്‍ ടൈം കുറയ്ക്കാന്‍ ബ്ലൈന്‍ഡ്‌ഫോള്‍ഡ് ടെക്‌നിക്, വ്യത്യസ്ത ഭാരങ്ങളിലുള്ള ലെതര്‍ ബോളുകള്‍, സ്ലിപ്പ് ക്യാച്ചിനായി സിമുലേഷന്‍ മെഷിന്‍...ഇവയെല്ലാമാണ് ഇന്ത്യയുടെ ഫീല്‍ഡിങ് മികവിന് പിന്നിലെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ പറയുന്നത്. 

ബ്ലൈന്‍ഡ്‌ഫോള്‍ഡ് ടെക്‌നിക് റെഡ് ബോള്‍ ക്രിക്കറ്റിനായി ഇംഗ്ലണ്ടിലാണ് ഇന്ത്യ കൂടുതലായും ഉപയോഗിച്ചത്. ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ ടീംമേറ്റ് എന്ന സിമുലേഷന്‍ മെഷീനും. ഇതാണ് സ്ലിപ്പ് ക്യാച്ചില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കര്‍ട്ടന്റെ മറവില്‍ താഴെ നിന്നും വരുന്ന പന്ത് ആന്റിസിപ്പേറ്റ് ചെയ്യാനുള്ള സമയം ഫീല്‍ഡര്‍ക്ക് ലഭിക്കില്ല. ഇങ്ങനെ പരിശീലിക്കുന്നതിലൂടെ അവരുടെ റിയാക്ഷന്‍ ടൈം മെച്ചപ്പെടുത്താന്‍ സാധിക്കും. 

ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ സ്ലിപ്പില്‍ കോഹ് ലിയുടെ മികച്ച ക്യാച്ചുകള്‍ വന്നതിന് പിന്നില്‍ ഈ ടീംമേറ്റും, ബ്ലൈന്‍ഡ്‌ഫോള്‍ഡ് ടെക്‌നിക്കുമെല്ലാമാണെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് പറയുന്നത്. വ്യത്യസ്ത ഭാരത്തിലുള്ള ബോളുകളാണ് ന്യൂസിലാന്‍ഡില്‍ ടീം ഇന്ത്യ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഉയരത്തില്‍ നിന്ന് വരുന്ന പന്തില്‍ കാറ്റ് വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിനാണ് ഇത്. ദേശീയ ടീമില്‍ പിന്തുടരുന്ന ഈ പരിശീലനം എല്ലാ ഐപിഎല്‍ ടീമുകളോടും തങ്ങളുടെ താരങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു.