ബെയർസ്റ്റോയുടെ സെഞ്ച്വറിക്കരുത്തിൽ ഇം​ഗ്ലണ്ട്; 306 റൺസ് വിജയ ലക്ഷ്യത്തിലേക്ക് കിവികൾ പൊരുതുന്നു; രണ്ട് വിക്കറ്റുകൾ നഷ്ടം

ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 306 റണ്‍സ് വിജയ ലക്ഷ്യം
ബെയർസ്റ്റോയുടെ സെഞ്ച്വറിക്കരുത്തിൽ ഇം​ഗ്ലണ്ട്; 306 റൺസ് വിജയ ലക്ഷ്യത്തിലേക്ക് കിവികൾ പൊരുതുന്നു; രണ്ട് വിക്കറ്റുകൾ നഷ്ടം

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 306 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റിന് 305 റണ്‍സെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപണർ ജോണി ബെയർസ്റ്റോയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡ് പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ്. മാർട്ടിൻ ​ഗുപ്റ്റിൽ (എട്ട്), ഹെന്റി നിക്കോൾസ് (പൂജ്യം) എന്നിവരാണ് പുറത്തായത്. 17 റൺസുമായി ക്യാപ്റ്റൻ കെയ്ൻ വില്ല്യംസനും 11 റൺസുമായി റോസ് ടെയ്ലറുമാണ് ക്രീസിൽ.

നേരത്തെ 99 പന്തിൽ നിന്ന് 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസെടുത്താണ് ബെയർസ്റ്റോ പുറത്തായത്. ഏകദിനത്തിലെ 12ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ് ബെയർസ്റ്റോ ഇന്ന് സ്വന്തമാക്കിയത്. 

സഹ ഓപണർ ജാസൻ റോയ് തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ ശതകം സ്വന്തമാക്കി. ഓപണിങ് വിക്കറ്റിൽ ബെയർസ്റ്റോ- റോയ് സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ നിർത്തിയിടത്തു നിന്ന് ഇക്കുറി തുടക്കമിട്ട റോയ്- ബെയർസ്റ്റോ സഖ്യം 18.4 ഓവറിലാണ് 123 റൺസെടുത്തത്. റോയ് പുറത്തായ ശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയർസ്റ്റോ അർധ സെഞ്ച്വറി കൂട്ടുകെട്ട് (71) തീർത്തു.

ഇംഗ്ലീഷ് ഓപണർമാരുടെ കടന്നാക്രമണത്തിൽ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മത്സരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലൻഡ് ബോളർമാർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ൽ തളച്ചത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 194 റൺസെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന 20 ഓവറിൽ ഇംഗ്ലണ്ടിനു നേടാനായത് 111 റൺസ് മാത്രമാണ്. ഏഴ് വിക്കറ്റും നഷ്ടമാക്കി.

ജാസൻ റോയ് 61 പന്തിൽ എട്ട് ബൗണ്ടറി സഹിതം 60 റൺസ് നേടി. ഇവർക്കു ശേഷമെത്തിയവരിൽ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റൻ ഇയാൻ മോർഗനു മാത്രം. മോർഗൻ 40 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 42 റൺസെടുത്തു. ജോ റൂട്ട് 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 24 റൺസാണു നേടിയത്.

ജോസ് ബട്‍ലർ (12 പന്തിൽ 11), ബെൻ സ്റ്റോക്സ് (27 പന്തിൽ 11), ക്രിസ് വോക്സ് (11 പന്തിൽ നാല്), ആദിൽ റഷീദ് (12 പന്തിൽ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തിൽ 15), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ജിമ്മി നീഷം 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ട്രൻഡ് ബോൾട്ട് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com