രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുമോ? മഞ്ജരേക്കര്‍ക്കെതിരായ വിമര്‍ശനത്തില്‍ ജഡേജയ്ക്ക് പിഴച്ചു?

വിമര്‍ശനത്തെ നേരിടാതെ, വിമര്‍ശകനെ വ്യക്തിപരമായി ആക്രമിക്കുന്ന ജഡേജയുടെ രീതിയാണ് വിമര്‍ശനത്തിന് വിധേയമാവുന്നത്
രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുമോ? മഞ്ജരേക്കര്‍ക്കെതിരായ വിമര്‍ശനത്തില്‍ ജഡേജയ്ക്ക് പിഴച്ചു?

ജഡേജ, കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവരില്‍ ആരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു ചോദ്യം. അവിടേയും ഇവിടേയും കുറച്ചുള്ള രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ഒരു ബാറ്റ്‌സ്മാനെയോ, ബൗളറെയോ ആണ് താന്‍ പരിഗണിക്കുന്നത് എന്നാണ് മഞ്ജരേക്കര്‍ മറുപടിയായി പറഞ്ഞത്. അതിനോടുള്ള രവീന്ദ്ര ജഡേജയുടെ പ്രതികരണം വന്നതോടെ ആരാധകര്‍ രണ്ട് ചേരിയിലായി. 

വിമര്‍ശനത്തെ നേരിടാതെ, വിമര്‍ശകനെ വ്യക്തിപരമായി ആക്രമിക്കുന്ന ജഡേജയുടെ രീതിയാണ് വിമര്‍ശനത്തിന് വിധേയമാവുന്നത്. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ട്, വിടുവായത്തം മതിയാക്കൂ എന്നായിരുന്നു മഞ്ജരേക്കര്‍ക്ക് മറുപടിയായി ജഡേജ പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ മത്സരം കളിച്ചിട്ടുണ്ട് എന്നതിനാല്‍ ഞാന്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്നാണ് ജഡേജ പറഞ്ഞുവയ്ക്കുന്നത്. 

150ല്‍ കൂടുതല്‍ ഏകദിനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന നിലയിലല്ല ജഡേജ. സ്‌പെഷ്യലിസ്റ്റ് എന്ന ടാഗിന് പുറത്ത്, ഓള്‍ റൗണ്ടര്‍ എന്ന് മാത്രമാവും ജഡേജയെ വിശേഷിപ്പിക്കാനാവുക. ഓള്‍റൗണ്ടര്‍ ടാഗ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലാണ്. മഞ്ജരേക്കറാവട്ടെ കളിക്കാരന്‍ എന്ന നിലയില്‍ സാങ്കേതികത്വത്തില്‍ ഊന്നുകയും, കമന്റേറ്റര്‍ റോളിലേക്കെത്തുമ്പോഴും സാങ്കേതികത്വത്തിലെ അറിവ് മുതല്‍ക്കൂട്ടാക്കി വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നു. 

മുംബൈ താരങ്ങളോട് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന മഞ്ജരേക്കര്‍ എന്ന വിമര്‍ശനം ഈ കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ സമയത്തും ഉയര്‍ന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരില്‍ നിന്നായിരുന്നു വിമര്‍ശനം പ്രധാനമായും. ഇത് മനസിലാക്കി കൂടിയാണ് മഞ്ജരേക്കറെ വിമര്‍ശിക്കാന്‍ ജഡേജ തയ്യാറായത് എന്നും വ്യക്തം. വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നുവെന്ന പേരും ഇതിലൂടെ ജഡേജയിലേക്കെത്തി. 

രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകരോട് വിലയിരുത്തല്‍ നടത്താന്‍ നിങ്ങള്‍ക്കെന്ത് അവകാശം എന്ന് കോഹ് ലി ചോദിച്ചാലോ? കളിക്കാരെ തെരഞ്ഞെടുക്കുന്ന സെലക്ടര്‍മാരുടെ കരിയര്‍ മികവ് ചോദിക്കുന്നത് പോലെയുമാണ് മഞ്ജരേക്കര്‍ക്കെതിരെയുള്ള ജഡേജയുടെ വിമര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം അവരേക്കാള്‍ കൂടുതല്‍ മത്സരം കളിച്ചവര്‍ക്ക് മാത്രമാണെന്നത് അംഗീകരിക്കാനാവില്ലെന്ന മറുപടിയാണ് ജഡേജയ്ക്ക് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com