ഏഴ് റണ്‍സിനിടെ ബംഗ്ലാദേശിന്റെ പത്ത് വിക്കറ്റ് കൊയ്യുമോ?; അത്ഭുതം കാത്ത് ക്രിക്കറ്റ് ആരാധകര്‍

പാക്കിസ്താന് സെമി പ്രവേശം സാധ്യമാകണമെങ്കില്‍ ബംഗ്ലാദേശിനെ ഏഴ് റണ്‍സിന് പുറത്താക്കണം 
ഏഴ് റണ്‍സിനിടെ ബംഗ്ലാദേശിന്റെ പത്ത് വിക്കറ്റ് കൊയ്യുമോ?; അത്ഭുതം കാത്ത് ക്രിക്കറ്റ് ആരാധകര്‍

ലണ്ടന്‍: സെമി ഉറപ്പിക്കാന്‍ 600 റണ്‍സ് ലക്ഷ്യവുമായി ക്രിസില്‍ ഇറങ്ങിയ പാക്കിസ്താന് 315 റണ്‍സാണ് നേടാനായത്. നാളെ എന്തും സംഭവിക്കുമെന്ന് പറഞ്ഞ് അമിത ആത്മവിശ്വാസത്തോടയാണ് പാക്കിസ്താന്‍ നായകന്‍ മാധ്യമങ്ങളെ കണ്ടത്. ഒന്നുകില്‍ അറന്നൂറ് റണ്‍സടിക്കും അല്ലെങ്കില്‍ നൂറ് റണ്‍സില്‍ താഴെ ബംഗ്ലാദേശിനെ പുറത്താക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത് പാലിക്കണമെങ്കില്‍ ബംഗ്ലാദേശിനെ ഏഴ് റണ്‍സിന് പുറത്താക്കേണ്ട അവസ്ഥയിലാണ് പാക്കിസ്താന്‍. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ 100 റണ്‍സെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു. താരത്തിന്റെ ഏഴാം സെഞ്ചുറിയാണിത്.

23 റണ്‍സില്‍ ഫഖര്‍ സമാനെ (13) നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഇമാം ഉള്‍ ഹഖ്   ബാബര്‍ അസം സഖ്യം രണ്ടാം വിക്കറ്റില്‍ 157 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബര്‍ (96) സെയ്ഫുദ്ദീന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

അതേസമയം ഒരു ലോകകപ്പില്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ജാവേദ് മിയാന്‍ദാദിനെ മറികടന്ന് ബാബര്‍ സ്വന്തമാക്കി. പാകിസ്താന്‍ ജേതാക്കളായ 1992 ലോകകപ്പില്‍ ജാവേദ് മിയാന്‍ദാദ് 437 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ബാബറിന്റെ റണ്‍നേട്ടം 474 റണ്‍സായി. സയീദ് അന്‍വര്‍ 368 (1999), മിസ്ബാ ഉള്‍ ഹഖ് 350 (2015), റമീസ് രാജ 349 (1987, 1992) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

മുഹമ്മദ് ഹഫീസ് (27), ഹാരിസ് സൊഹൈല്‍ (6) എന്നിവര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല. അതിനിടെ ഇമാദ് വസീമിന്റെ പന്ത് കൈക്ക് കൊണ്ട പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് (2) റിട്ടയേര്‍ഡ് ഹര്‍ട്ടായി. ഇമാദ് വസീം 43 റണ്‍സെടുത്ത് പുറത്തായി. 

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തില്‍ മുസ്തഫിസുര്‍ 100 വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു. മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com