ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ, ഓസീസിനെതിരെ സൗത്ത് ആഫ്രിക്ക; സെമി ചിത്രം ഇന്ന് തെളിയും

കുല്‍ദീപിനേയും ചഹലിനേയും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഒരുമിച്ചിറക്കാനും സാധ്യതയുണ്ട്
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ, ഓസീസിനെതിരെ സൗത്ത് ആഫ്രിക്ക; സെമി ചിത്രം ഇന്ന് തെളിയും

ഇംഗ്ലണ്ട് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരെ കൂടി ഇന്നത്തെ മത്സരത്തോടെ അറിയാനാവും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ നേരിടുമ്പോള്‍, രണ്ടാമത്തെ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ പോര് കാണാം. 

പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ആരൊക്കെയെന്ന് വ്യക്തമാവുന്നതോടെ സെമി ചിത്രവും വ്യക്തമാവും. 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 14 പോയിന്റോടെ ഓസീസ് ഒന്നാമതും. ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിക്കുകയും, സൗത്ത് ആഫ്രിക്കയെ ഓസീസ് തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെ വരുമ്പോള്‍ നാലാമതുള്ള കീവീസ് ആയിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഓസീസ് ജയിച്ചാല്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വരികയും മൂന്നാമതുള്ള ഇംഗ്ലണ്ടിനെ സെമിയില്‍ നേരിടേണ്ടി വരും. 

സെമിക്ക് മുന്‍പുള്ള അവസാന മത്സരം എന്ന നിലയില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ പരീക്ഷിച്ചേക്കും. രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നേക്കും. ബാറ്റിങ് പൊസിഷനില്‍ താഴെ ഒരു ഇടംകയ്യന്‍ എത്തുന്നത് നല്‍കുന്ന സാധ്യത ജഡേജയെ തുണയ്ക്കും. ഹെഡിങ്‌ലേയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ ജഡേജയ്ക്ക് ബോള്‍ നല്‍കാനും കോഹ് ലിക്കാവും. 

കുല്‍ദീപിനേയും ചഹലിനേയും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഒരുമിച്ചിറക്കാനും സാധ്യതയുണ്ട്. ലങ്കന്‍ ടീം പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. വിന്‍ഡിസിനെതിരെ ജയിച്ചു കയറിയ ടീമിനെ തന്നെയാവും അവരിറക്കുക.

രണ്ടാമത്തെ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ നേരിടുമ്പോള്‍ ഓസീസിന്റെ ലക്ഷ്യം ഒന്നാം സ്ഥാനമായിരിക്കും. സൗത്ത് ആഫ്രിക്കയാവട്ടെ കരുത്തരായ ഓസീസിനെ തോല്‍പ്പിച്ച് ആശ്വാസ ജയവുമായി മടങ്ങാന്‍ ലക്ഷ്യം വയ്ക്കും. എന്നാല്‍ സെമിക്ക് തൊട്ടുമുന്‍പ് പരിക്ക് ഭീഷണിയായി ഓസീസിന് മുന്‍പിലുണ്ട്. അവസാന ലീഗ് മത്സരത്തിന് മുന്‍പ് ഷോണ്‍ മാര്‍ഷിനും, മാക്‌സ്വെല്ലിനും പരിക്കേറ്റിരുന്നു. സ്റ്റാര്‍ക്കിന്റേയും, കമിന്‍സിന്റേയും ഷോര്‍ട്ട് ബോളുകളാണ് ഇവര്‍ക്ക് മുന്‍പില്‍ വില്ലനായത്. 

മാക്‌സ്വെല്ലിന്റെ പരിക്ക് സാരമുള്ളതല്ല. മാര്‍ഷിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമായതോടെ, ലോകകപ്പ് ടീമില്‍ ഇടമില്ലാതെ നിന്ന ഹാന്‍ഡ്‌സ്‌കോമ്പിനെ ടീമിലേക്കെത്താന്‍ വഴി തുറന്നു. മാര്‍ഷിനും മാക്‌സ്വെല്ലിനും പരിക്കേറ്റതിന് പുറമെ, സ്റ്റീവ് സ്മിത്തിനും, ബെഹ്‌റന്‍ഡോര്‍ഫിനും വിരലിന് ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് ഓസീസിന് തലവേദന ആയേക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com