9 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകള്‍; മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ഇതിഹാസത്തിന്റെ റെക്കോര്‍ഡിനൊപ്പം 

ലോകകപ്പിലെ വിക്കറ്റ് നേട്ടം 26 ആക്കിയ സ്റ്റാര്‍ക്ക് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡിനൊപ്പമെത്തി
9 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകള്‍; മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ഇതിഹാസത്തിന്റെ റെക്കോര്‍ഡിനൊപ്പം 

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലോകകപ്പ് റെക്കോര്‍ഡിനൊപ്പം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഗ്രൂപ്പ് സ്റ്റേജിലെ അവസാനമത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ലോകകപ്പ് റെക്കോര്‍ഡിനൊപ്പം എത്തിയത്.

ലോകകപ്പിലെ വിക്കറ്റ് നേട്ടം 26 ആക്കിയ സ്റ്റാര്‍ക്ക് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡിനൊപ്പമെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ ഈ നേട്ടം. 

ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറെന്ന മഗ്രാത്തിന്റെ നേട്ടം മറികടക്കാന്‍ സ്റ്റാര്‍ക്കിന് ഇനി ഒരു വിക്കറ്റ് കൂടി മതി. ഓസ്‌ട്രേലിയ സെമിഫൈനലില്‍ ഇടംനേടിയ സാഹചര്യത്തില്‍ ഇത് സ്റ്റാര്‍ക്ക് അനായാസം മറികടക്കുമെന്നാണ് നിഗമനം.

2007ലെ വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ 26 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഗ്ലെന്‍ മഗ്രാത്ത് റെക്കോര്‍ഡ് നേടിയത്. ലോകകപ്പില്‍ ആകെ 31 ഇന്നിങ്‌സില്‍ 71 വിക്കറ്റ് നേടിയിട്ടുണ്ട് മഗ്രാത്ത്. വെറും 17 ഇന്നിങ്‌സില്‍ 48 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള സ്റ്റാര്‍ക്ക് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്.

അതേസമയം കഴിഞ്ഞമത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ അഞ്ചുവിക്കറ്റ് നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമായി സ്റ്റാര്‍ക്ക്. 2015 ലോകകപ്പില്‍ ഒരു മത്സരത്തില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് ഇത്തവണ രണ്ടുമത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com