മെസി ചുവപ്പ് കാർഡ് വാങ്ങി പുറത്തായിട്ടും അർജന്റീന വിജയിച്ചു; ചിലിയോട് പകരം ചോദിച്ച് കോപയിൽ മൂന്നാം സ്ഥാനം

കോപ അമേരിക്ക ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള പോര് അർജന്റീന വിജയിച്ചു
മെസി ചുവപ്പ് കാർഡ് വാങ്ങി പുറത്തായിട്ടും അർജന്റീന വിജയിച്ചു; ചിലിയോട് പകരം ചോദിച്ച് കോപയിൽ മൂന്നാം സ്ഥാനം

റിയോ ഡി ജനീറോ: തുടരെ രണ്ട് തവണ തങ്ങളെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ചിലിയോട് ഒടുവിൽ അർജന്റീന പകരം ചോദിച്ചു. 
കോപ അമേരിക്ക ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള പോര് അർജന്റീന വിജയിച്ചു. സൂപ്പർ താരം ലയണൽ മെസി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്ന മത്സരം സംഭവ ബഹുലമായിരുന്നു. ചിലിയുടെ ​ഗാരി മെഡലിനും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതോടെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും പത്ത് പേരുമായാണ് കളിച്ചത്. 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. അ​ഗ്യുറോയും ഡിബാലയുമാണ് അർജന്റീനയ്ക്കായി വല ചലിപ്പിച്ചത്. പെനാൽറ്റി വലയിലെത്തിച്ച് ആർദുറോ വിദാലാണ് ചിലിയുടെ ആശ്വാസ ​ഗോൾ കണ്ടെത്തിയത്. 

അർജന്റീന മികച്ച രീതിയിലാണ് തുടങ്ങിയത്. മെസിയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് അ​ഗ്യുറോ ആണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. കളിയുടെ 12ാം മിനുട്ടിൽ തന്നെ അർജന്റീന ലീഡ് സ്വന്തമാക്കി. പത്ത് മിനുട്ടിനുള്ളിൽ രണ്ടാം ​ഗോളും വലയിലെത്തിച്ച് അർജന്റീന കളിയിൽ ആധിപത്യം പുലർത്തി. 

എന്നാൽ 37ാം മിനുട്ടിൽ നടന്ന നാടകീയ രം​ഗങ്ങൾ കളിയുടെ ഒഴുക്കിന് തടസമായി. വിവാദ ചുവപ്പ് കാർഡുകൾ പിറന്നത് ഈ സമയത്തായിരുന്നു. മെസിക്കും ചിലിയുടെ മെഡെലിനുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ചുവപ്പ് കാർഡിനുള്ള ഫൗൾ ഒന്നും നടന്നില്ല എന്ന് റീപ്ലേകൾ വ്യക്തമായിരുന്നു.

രണ്ടാം പകുതിയിൽ വാർ നൽകിയ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് വിദാൽ ചിലിക്ക് ചെറിയ പ്രതീക്ഷ നൽകി. എന്നാൽ മികച്ച  നിയന്ത്രണത്തോടെ മത്സരം തങ്ങളുടേതാക്കി മാറ്റാൻ അർജന്റീനയ്ക്ക് ആയി. മോശം റഫറിയിങ് കളിയുടെ ഒഴുക്കിനെ പലപ്പോഴും പിന്നോട്ടടിക്കുന്ന കാഴ്ചയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com