ബൂമ്രയെ അതിജീവിക്കുക അസാധ്യം, ഉദാഹരണങ്ങള്‍ നിരത്തി ബൂമ്രയുടെ തീവ്രതയിലേക്ക് ചൂണ്ടി വെട്ടോറി

ഷമിക്കെതിരെ പോലും ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കായി. പക്ഷേ തനിക്കെതിരെ റണ്‍വേട്ട നടത്താന്‍ ബൂമ്ര അനുവദിച്ചില്ല
ബൂമ്രയെ അതിജീവിക്കുക അസാധ്യം, ഉദാഹരണങ്ങള്‍ നിരത്തി ബൂമ്രയുടെ തീവ്രതയിലേക്ക് ചൂണ്ടി വെട്ടോറി

ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്‍പിലല്ലെങ്കിലും എതിരാളികളുടെ പേടിസ്വപ്‌നമാവാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയ്ക്ക് കഴിഞ്ഞു. അത് വ്യക്തമാക്കുന്ന പ്രതികരണങ്ങളിലൊന്നാണ് കീവീസ് മുന്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയില്‍ നിന്ന് വരുന്നത്. അതി ഗംഭീരമായി ഈ ലോകകപ്പില്‍ പന്തെറിയുന്ന ബൂമ്രയ്‌ക്കെതിരെ ഈ ഘട്ടത്തില്‍ കളിക്കുക എന്നത് അസാധ്യമാണെന്ന് വെട്ടോറി പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കളിയില്‍ പോലും ബൂമ്രയുടെ ഇക്കണോമി റേറ്റ് പരിധി വിട്ടില്ലെന്ന് വെട്ടോറി ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ട് എല്ലാവരേയും ലക്ഷ്യം വെച്ചിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയും ഹര്‍ദിക്കിനെതിരേയും ആക്രമിച്ചാണ് അവര്‍ കളിച്ചത്. ഷമിക്കെതിരെ പോലും ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കായി. പക്ഷേ തനിക്കെതിരെ റണ്‍വേട്ട നടത്താന്‍ ബൂമ്ര അനുവദിച്ചില്ല, വെട്ടോറി പറഞ്ഞു. 

എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒന്നാമനാണ് ബൂമ്ര. ലോകകപ്പിലാകെ എടുക്കുമ്പോള്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുമുണ്ട് ബൂമ്ര. 26 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും, 20 വിക്കറ്റുമായി ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനുമാണ് ബൂമ്രയ്ക്ക് മുന്‍പിലുള്ളത്. 

എന്നാല്‍ ലോകകപ്പ് ബൗളര്‍മാരുടെ ഇക്കണോമി റേറ്റില്‍ 4.48 ആയി ബൂമ്രയാണ് ഒന്നാമത്. ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് മെയ്ഡനുകളാണ് ബൂമ്ര എറിഞ്ഞത്. കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞതിലെ റെക്കോര്‍ഡ് ജോഫ്ര ആര്‍ച്ചറുമായാണ് ബൂമ്ര പങ്കിടുന്നത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഈ വര്‍ഷം മുഹമ്മദ് ഷമി മികവ് കാട്ടിയത് വിലയിരുത്തി ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് ഷമി മടങ്ങിയെത്താനാണ് സാധ്യതയെന്നും കീവീസ് മുന്‍ നായകന്‍ പറഞ്ഞു. ആദ്യ പത്ത് ഓവറില്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ് വേണ്ടത്. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്താല്‍ കീവീസിന് സെമിയില്‍ സാധ്യതയുണ്ട്. ട്രെന്റ് ബോള്‍ട്ടിന്റെ കളിയായിരിക്കും കീവീസിന് നിര്‍ണായകമാവുക. ഈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെയെല്ലാം ബോള്‍ട്ടിന് നന്നായി അറിയാം എന്നതാണ് അതിന് കാരണം എന്നും വെട്ടോറി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com