പൃഥ്വി ഷാ എവിടെ? വിന്‍ഡിസ് പര്യടനത്തിലും പൃഥ്വിയുണ്ടാവില്ലെന്ന് സൂചന; അവിടെ വഴി തുറക്കുക ഇവര്‍ക്ക്‌

വിന്‍ഡിസിനെതിരായ ഇന്ത്യ എയുടെ പര്യടനത്തില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയിരുന്നില്ല
പൃഥ്വി ഷാ എവിടെ? വിന്‍ഡിസ് പര്യടനത്തിലും പൃഥ്വിയുണ്ടാവില്ലെന്ന് സൂചന; അവിടെ വഴി തുറക്കുക ഇവര്‍ക്ക്‌

റിസര്‍വ് ഓപ്പണര്‍, മധ്യനിര ബാറ്റ്‌സ്മാന്‍, രണ്ടാം വിക്കറ്റ് കീപ്പര്‍. വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയെ പ്രധാനമായും കുഴയ്ക്കുന്ന മേഖലകള്‍ ഇവയാണ്. യുവതാരം പൃഥ്വി ഷായുടെ കാര്യത്തില്‍ എന്ത് തീരുമാനമാവും സെലക്ടര്‍മാര്‍ എടുക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. 

വിന്‍ഡിസിനെതിരായ ഇന്ത്യ എയുടെ പര്യടനത്തില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ഗുജറാത്തിന്റെ പ്രിയങ്ക് പഞ്ചലിനും, ബംഗാളിന്റെ അഭിമന്യുവിനും തുണയാവുന്നുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തിയ ഓപ്പണറാണ് പഞ്ചല്‍. ഇന്ത്യ എയ്‌ക്കൊപ്പവും പഞ്ചല്‍ കളിക്കുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്നും 898 റണ്‍സാണ് പഞ്ചല്‍ നേടിയത്. 

2016-17 രഞ്ജി സീസണിലാവട്ടെ 1,310 റണ്‍സാണ് 17 ഇന്നിങ്‌സില്‍ നിന്നും പഞ്ചല്‍ അടിച്ചെടുത്തത്. സാങ്കേതിക തികവിലെ മികവിലൂടെ ക്രീസില്‍ നിലയുറപ്പിക്കാന്‍ പഞ്ചലിനാവുന്നു. തന്റെ ഇരുപത്തിയൊന്‍പതാം വയസില്‍ നില്‍ക്കുന്ന പഞ്ചലിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. പഞ്ചലിന് വെല്ലുവിളി ഉയര്‍ത്തുന്നത് ബംഗാളിന്റെ അഭിമന്യുവാണ് ലങ്കന്‍ എയ്‌ക്കെതിരെ ഉള്‍പ്പെടെ ഇരട്ട ശതകം നേടി റണ്‍ വാരുകയാണ് അഭിമന്യുവും. 

ലങ്ക എയ്‌ക്കെതിരെ പഞ്ചല്‍ 166 റണ്‍സ് സ്‌കോര്‍ ചെയ്ത മത്സരത്തില്‍ തന്നെയാണ് അഭിമന്യു 233 റണ്‍സ് എടുത്തത്. മൂന്നും നാലും സ്ഥാനങ്ങളില്‍ പൂജാരയും കോഹ് ലിയും ഇറങ്ങും. രഹാനെയില്‍ എത്രമാത്രം വിശ്വാസം ഇന്ത്യയിനി വയ്ക്കുമെന്നറിയണം. ലോകകപ്പ് സമയത്ത് കൗണ്ടിയില്‍ കളിച്ച രഹാനെ സെഞ്ചുറിയോടെ തുടങ്ങിയെങ്കിലും പിന്നെയുള്ള 11 ഇന്നിങ്‌സില്‍ നിന്നും അര്‍ധ ശതകം നേടിയത് ഒരു വട്ടം മാത്രം. 

ഹനുമാന്‍ വിഹാരിയുള്ളപ്പോള്‍ മറ്റ് കളിക്കാരെ സെലക്ടര്‍മാര്‍ തിരയാനും സാധ്യതയില്ല. വിന്‍ഡിസിനെതിരായ പരമ്പരയിലൂടെ വൃധിമാന്‍ സാഹ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന. 2018ലെ കേപ്പ്ഡൗണിലെ ന്യൂയേഴ്‌സ് ടെസ്റ്റിന് ശേഷം സാഹ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ പന്തിനെയോ, സാഹയേയോ ഇന്ത്യ ഇറക്കുക എന്നതും നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com