ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍; ഹര്‍ഭജന്‍ സിങിനേയും ദ്യുതി ചന്ദിനേയും പരിഗണിക്കില്ല; നാമ നിര്‍ദ്ദേശം തള്ളി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്  താരം ഹര്‍ഭജന്‍ സിങിന്റേയും ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റേയും ദേശീയ പുരസ്‌കാരത്തിനുള്ള നാമ നിര്‍ദ്ദേശങ്ങള്‍ തള്ളി
ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍; ഹര്‍ഭജന്‍ സിങിനേയും ദ്യുതി ചന്ദിനേയും പരിഗണിക്കില്ല; നാമ നിര്‍ദ്ദേശം തള്ളി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്  താരം ഹര്‍ഭജന്‍ സിങിന്റേയും ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റേയും ദേശീയ പുരസ്‌കാരത്തിനുള്ള നാമ നിര്‍ദ്ദേശങ്ങള്‍ തള്ളി. ഹര്‍ഭജന് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും ദ്യുതിക്ക് അര്‍ജുന അവാര്‍ഡിനുമായാണ് ശുപാര്‍ശകള്‍ ചെയ്യപ്പെട്ടത്. കേന്ദ്ര കായിക- യുവജനകാര്യ മന്ത്രാലയമാണ് ഇരുവരുടേയും ശുപാര്‍ശ തള്ളിയത്. 

സംസ്ഥാന സര്‍ക്കാരുകളാണ് ഇരുവരുടേയും പേരുകള്‍ നിര്‍ദേശിക്കേണ്ടത്. എന്നാല്‍ അപേക്ഷിക്കാനുള്ള സമയം തീരുന്നതിന് മുന്‍പ് ഇരുവരുടേയും പേരുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ഏപ്രില്‍ 30 ആയിരുന്നു ശുപാര്‍ശ നല്‍കേണ്ട അവസാന തീയതി. എന്നാല്‍ ഈ സമയ പരിധി കഴിഞ്ഞ ശേഷമായിരുന്നു ശുപാര്‍ശകള്‍ സമര്‍പ്പിക്കപ്പെട്ടത്. 

ഏപ്രില്‍ 30ന് നല്‍കേണ്ട ശുപാര്‍ശ ഹര്‍ഭജന്റെ പേരുള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍  സമര്‍പ്പിച്ചത് ജൂണില്‍ മാത്രമാണ്. വൈകിയാണ് ദ്യുതിയുടെ പേര് ഒഡിഷ സര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല ദ്യുതിക്ക് ലഭിച്ച മെഡലുകള്‍ റാങ്കിങ് ക്രമത്തിലായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നതായി കായിക മന്ത്രാലയം വ്യക്തമാക്കി. അവര്‍ നല്‍കിയ റാങ്കിങില്‍ ദ്യുതിയുടെ സ്ഥാനം അഞ്ചിലാണ്. അതിനാലാണ് ശുപാര്‍ശ തള്ളിയത്. 

താന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി ഈ വിഷയം സംസാരിച്ചതായി ദ്യുതി പറഞ്ഞു. ലോക യൂനിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയതായും ഇക്കാര്യം വ്യക്തമാക്കി മറ്റൊരു ശുപാര്‍ശ അയക്കണമെന്ന് ആവശ്യപ്പെട്ടതായും ദ്യുതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com