അഴിമതിക്കേസ്; കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍

പ്രമുഖ വ്യവസായിയും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ നിമ്മഗഡ്ഡ പ്രസാദ് അറസ്റ്റില്‍
അഴിമതിക്കേസ്; കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍

ബെല്‍ഗ്രേഡ്: പ്രമുഖ വ്യവസായിയും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ നിമ്മഗഡ്ഡ പ്രസാദ് അറസ്റ്റില്‍. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വച്ചാണ് നിമ്മഗഡ്ഡ പ്രസാദ് അറസ്റ്റിലായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ മാധ്യമങ്ങളാണ് നിമ്മഗഡ്ഡ പ്രസാദ് അറസ്റ്റിലായ വാര്‍ത്തകള്‍ പുറത്തു വിട്ടത്. 

സെര്‍ബിയയില്‍ ഉള്ള നിമ്മഗഡ്ഡ പ്രസാദ് അവസാന രണ്ട് ദിവസമായി അവിടെ കസ്റ്റഡിയിലാണ്. വാന്‍പിക്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബെല്‍ഗ്രേഡ് പൊലീസാണ് പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാന്‍പിക് പ്രോജക്റ്റിലെ തട്ടിപ്പിനെക്കുറിച്ച് യുഎഇ നഗരമായ റാസ് അല്‍ ഖൈമയില്‍ നിന്നാണ് ബല്‍ഗ്രേഡ് പൊലീസിന് പരാതി ലഭിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്. 

റാസ് അല്‍ ഖൈമയുമായി ചേര്‍ന്ന് നിമ്മഗഡ്ഡ പ്രസാദ് വോഡരേവ്- നിസാം പട്ടണം തുറമുഖം വ്യവസായ ഇടനാഴി പദ്ധതി (വാന്‍പിക്) ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പദ്ധതിക്കായി 24,000ഏക്കറോളം ഭൂമി അന്നത്തെ സര്‍ക്കാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് കേസായത്. 

സെര്‍ബിയയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു പ്രസാദ്. ഇദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയും ഇതുമായി ബന്ധപ്പെട്ട ആരോപണമുണ്ട്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമയായ നിമ്മഗഡ്ഡ പ്രസാദ് ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടീമിന്റേയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗില്‍ തമിഴ് തലൈവാസിലും നിമ്മഗഡ്ഡ പ്രസാദിന് പങ്കാളിത്തമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com