ഇനിയും നിങ്ങള്‍ ഈ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ മുസ്ലീമാകും, ഇസ്ലാമോഫോബിയ വേരുറപ്പിക്കുമ്പോഴും അവര്‍ പാടുന്നു

നിങ്ങളെ പോലെ ഞങ്ങളും മുസ്ലീമാവുമെന്ന് വീണ്ടും പാടുകയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യിലേക്കെത്തിയതിന് പിന്നാലെ ലിവര്‍പൂള്‍ ആരാധകര്‍
ഇനിയും നിങ്ങള്‍ ഈ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ മുസ്ലീമാകും, ഇസ്ലാമോഫോബിയ വേരുറപ്പിക്കുമ്പോഴും അവര്‍ പാടുന്നു

ഇത്തവണ പിഴച്ചില്ല. രണ്ട് വര്‍ഷമായി കളിക്കളത്തില്‍ പുറത്തെടുക്കുന്ന തകര്‍പ്പന്‍ കളി ഈ സിസണില്‍ റെഡ്‌സിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി. ആ പോക്കില്‍ ലിവര്‍പൂളിന് ശക്തി പകര്‍ന്നത് മുഹമ്മദ് സല കൂടിയാണ്. നിങ്ങളെ പോലെ ഞങ്ങളും മുസ്ലീമാവുമെന്ന് വീണ്ടും പാടുകയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യിലേക്കെത്തിയതിന് പിന്നാലെ ലിവര്‍പൂള്‍ ആരാധകര്‍. നിരത്തുകളിലും, ആരാധകര്‍ കൂടുന്നയിടങ്ങളിലുമെല്ലാം അലയടിക്കുകയാണ് ഈ വരികള്‍...

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്നത്തിനെതിരെ രണ്ടാം മിനിറ്റില്‍ തന്നെ നേടിയ സലയുടെ പെനാല്‍റ്റി ഗോളാണ് ലിവര്‍പൂളിന് കളിയില്‍ മുന്‍തൂക്കം നേടിക്കൊടുത്തത്. ഇസ്ലാമോഫോബിയ യൂറോപ്പില്‍ വേരുറപ്പിക്കുമ്പോഴാണ്, ഞാനും മുസ്ലീമാവും, പള്ളിയിലാണ് ഞാനുണ്ടാവേണ്ടത് എന്ന് ഫുട്‌ബോള്‍ ആരാധകര്‍ പാടുന്നത്...

14 വര്‍ഷത്തെ കാത്തിരിപ്പാണ് സലയുടെ സ്‌ട്രൈക്കിലൂടെ അവസാനിച്ചത്. ലിവര്‍പൂളിന്റെ ആറാമത്തെ കിരീട നേട്ടവും. ഫുട്‌ബോള്‍ കളിക്കളത്തിന് അപ്പുറവും സല തന്റെ കളിയുടെ പ്രഭാവത്തിലൂടെ സ്വാധീനം ചെലുത്തുന്നു. വിഭജന രേഖകളെല്ലാം മറികടന്ന്, വിടവുകളെല്ലാം നികത്തുകയാണ് സല ഗോള്‍ വല കുലുക്കിക്കൊണ്ട്...

2017 ജൂണില്‍ 327 കോടി രൂപയ്ക്കാണ് ലിവര്‍പൂളിലേക്ക് റോമയില്‍ നിന്നും സല എത്തുന്നത്. അന്ന് ലിവര്‍പൂളിന്റെ നീക്കം കണ്ട് നെറ്റിച്ചുളിച്ചവരെയെല്ലാം കൊണ്ട് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് സല തനിക്ക് നല്‍കിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com