ഹാട്രിക്കോടെ വരവറിയിച്ച് റൊണാൾഡോ; ഇം​ഗ്ലണ്ടിനെ തുരത്തി ഓറഞ്ച് പട; നേഷൻസ് ലീ​ഗിൽ പോർച്ചു​ഗൽ- ഹോളണ്ട് ഫൈനൽ​

ആവേശപ്പോരിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഹോളണ്ടും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിന്റെ തുരത്തി പോർച്ചു​ഗലും യുവേഫ നേഷൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറി.
ഹാട്രിക്കോടെ വരവറിയിച്ച് റൊണാൾഡോ; ഇം​ഗ്ലണ്ടിനെ തുരത്തി ഓറഞ്ച് പട; നേഷൻസ് ലീ​ഗിൽ പോർച്ചു​ഗൽ- ഹോളണ്ട് ഫൈനൽ​

ഗ്യുമാറെസ്: ആവേശപ്പോരിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഹോളണ്ടും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിന്റെ തുരത്തി പോർച്ചു​ഗലും യുവേഫ നേഷൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറി. ഈ മാസം പത്തിന് നടക്കുന്ന ഫൈനലിൽ പോർച്ചു​ഗൽ- ഹോളണ്ട് പോരാട്ടം അരങ്ങേറും. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഹോളണ്ട് ഇം​ഗ്ലണ്ടിനേയും പോർച്ചു​ഗൽ സ്വിറ്റ്സർലൻഡിനേയും വീഴ്ത്തിയത്. 

ഒരു ​ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്ന ഇം​ഗ്ലണ്ട് തോൽവി വഴങ്ങിയത്. കളിയുടെ 32ാം മിനുട്ടിൽ തന്നെ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൽറ്റി ​ഗോളിൽ ഇം​ഗ്ലണ്ട് മുന്നിലെത്തി. കൂമാന്റെ യുവ ടീമിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന താരമായ മത്യാസ് ഡി ലിറ്റ് വരുത്തിയ വമ്പൻ പിഴവിൽ നിന്നാണ് ഇം​ഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഇത് ഗോളാക്കി മാർകസ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുകയായിരുന്നു. 

ഒരു ​ഗോളിന്റെ ലീഡ് 73ാം മിനുട്ട് വരെ ഇം​ഗ്ലണ്ട് തുടർന്നു. എന്നാൽ 74ാം മിനുട്ടിൽ ഡി ലിറ്റ് തന്നെ ​ഗോളടിച്ച് ടീമിനെ ഒപ്പമെത്തിച്ച് തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു. പിന്നീട് ​ഗോൾ പിറക്കാഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 

അധിക സമയത്തിന്റെ 97ാം മിനുട്ടിൽ ഇംഗ്ലണ്ട് ഡിഫൻഡർ ജോണ് സ്റ്റോൺസ് വരുത്തിയ പിഴവിൽ നിന്ന് കെയിൽ വാക്കർ സെൽഫി ​ഗോൾ വഴങ്ങിയത് ഇം​ഗ്ലണ്ടിന്റെ സാധ്യതകളെ പിന്നോട്ടടിച്ചു. സ്റ്റോൺസ് വരുത്തിയ പിഴവ് രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയിൽ വാക്കർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് 114 ആം മിനുട്ടിൽ ക്വിൻസി പ്രോമസ് നേടിയ ഗോൾ ഇം​ഗ്ലണ്ടിന്റെ പെട്ടിയിലെ അവസാന ആണിയും അടിക്കുന്നതായി മാറി. 

ലോകകപ്പ്, യൂറോ കപ്പ്, ഒളിംപിക്സ്, കോൺഫെഡറേഷൻസ് കപ്പ് എന്നിവയ്ക്ക് പിന്നാലെ യുവേഫ നേഷൻസ് ലീ​ഗിലും ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക് കൈയൊപ്പ്. സെമിയിൽ സ്വിറ്റ്സർലൻഡിനെതിരായ ഹാട്രിക്കോടെ സൂപ്പർ താരം യുവേഫ നേഷൻസ് ലീ​ഗിലേക്കുള്ള വരവറിയിച്ചപ്പോൾ അത് ടീമിന്റെ ഫൈനൽ പ്രവേശത്തിനുള്ള അവസരവുമായി മാറി. പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് സെമിയിലെത്തിയതു വരെ നടന്ന മത്സരങ്ങളിലൊന്നും റൊണാൾഡോ കളിച്ചിരുന്നില്ല. സെമിയിലാണ് ആദ്യമായി ടൂർണമെന്റ് കളിക്കുന്നത്.

സ്വിറ്റ്സർലൻഡിനെതിരെ കളിയുടെ 25, 88, 90 മിനുട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഹാട്രിക്ക് ​ഗോളുകൾ. 25ാം മിനുട്ടിൽ മുന്നിൽ കടന്ന പോർച്ചു​ഗലിനെ 57ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സ്വിറ്റ്സർലൻഡ് ഒപ്പം പിടിച്ചിരുന്നു. റിക്കാർഡോ റോഡ്രി​ഗസാണ് സ്വിറ്റ്സർലൻഡിന് സമനില സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന പ്രതീതിയിൽ നിൽക്കേയാണ് 88, 90 മിനുട്ടുകളിൽ രണ്ട് ​ഗോളുകൾ കൂടി വലയിലാക്കി ക്രിസ്റ്റ്യാനോ ടീമിന്റെ വിജയവും ഫൈനൽ ബർത്തും ഉറപ്പാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com