പുകയുന്ന തന്ത്രങ്ങള്‍; മൗറീസിയോ സരി ഒരു ദിവസം വലിച്ചു തള്ളുന്നത് 80 സിഗരറ്റുകള്‍!

വരുന്ന സീസണില്‍ സരി ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിനെ പരിശീലിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു
പുകയുന്ന തന്ത്രങ്ങള്‍; മൗറീസിയോ സരി ഒരു ദിവസം വലിച്ചു തള്ളുന്നത് 80 സിഗരറ്റുകള്‍!

ലണ്ടന്‍: ആക്രമണാത്മക ഫുട്‌ബോള്‍ തന്ത്രങ്ങളാല്‍ സമീപ കാലത്ത് ശ്രദ്ധേയനായ പരിശീലകനാണ് മൗറീസിയോ സരി. 2017-18 സീസണില്‍ ഇറ്റാലിയന്‍ സീരി എ ടീം നാപോളിയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ സരി ബോള്‍ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ആക്രമണാത്മക ശൈലി ഏറെ സ്വാധീനം ചെലുത്തിയിരുന്നു. 

ഇക്കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ കോച്ചായ സരി അവരെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. വരുന്ന സീസണില്‍ സരി ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിനെ പരിശീലിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. മൂന്ന് വര്‍ഷത്തെ കരാറിലാണ് സരി യുവന്റസിന്റെ കോച്ചാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സരിക്കൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ സിഗരറ്റ് വലിയും. നാപോളിയിലായിരിക്കുമ്പോള്‍ ഡഗൗട്ടിലിരുന്ന് വരെ അദ്ദേഹം സിഗരറ്റുകള്‍ വലിച്ചു തള്ളാറുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമമനുസരിച്ച് ഡഗൗട്ടില്‍ സിഗരറ്റ് പുകയ്ക്കാന്‍ അനുവാദമില്ല. ചെല്‍സിയിലെത്തിയപ്പോള്‍ സരിക്ക് ഈ ശീലം ഉപേക്ഷിക്കേണ്ടി വന്നു. പകരം അദ്ദേഹം സിഗരറ്റ് ചവയ്ക്കാന്‍ തുടങ്ങി. സരിക്ക് സിഗരറ്റ് വലിക്കാന്‍ വേണ്ടി ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പ്രത്യേക മേഖല തന്നെ ഒരുക്കി നല്‍കി. 

ഇറ്റാലിയന്‍ പരിശീലകന്‍ ഒരു ദിവസം  വലിച്ചു തള്ളുന്ന സിഗരറ്റിന്റെ കണക്ക് എന്നു പറയുന്നത് ഏതാണ്ട് 80 എണ്ണമാണ്. അതായത് എഴുന്നേറ്റത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയത്തിനിടെ ഓരോ 12 മിനുട്ടിനിടയിലും സരി ഒരു സിഗരറ്റ് വലിക്കുന്നു. ഒരു മണിക്കൂറില്‍ അഞ്ച് സിഗരറ്റുകള്‍. ഒരു വര്‍ഷം അദ്ദേഹം 29,200 സിഗരറ്റുകളാണ് വലിക്കുന്നത്. ഇതില്‍ 22,000 എണ്ണവും വലിക്കുന്നത് ഫുട്‌ബോള്‍ സീസണിലാണ്. 

ഒരു ദിവസം ഏതാണ്ട് 46 പൗണ്ടാണ് (4,000 ഇന്ത്യന്‍ രൂപ) സിഗരറ്റിന് മാത്രമായി സരി ചെലവാക്കുന്നത്. ഒരു സിഗരറ്റിന്റെ തൂക്കം ഒരു ഗ്രാമാണ്. അങ്ങനെ കൂട്ടിയാല്‍ അദ്ദേഹം ഒരു വര്‍ഷം സ്വന്തം ശരീരത്തിലേക്ക് കടത്തി വിടുന്നത് 22 കിലോ പുകയിലയാണ്. 1990ലാണ് അദ്ദേഹം പരിശീലകനായുള്ള കരിയറിന് തുടക്കമിടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ അദ്ദേഹത്തിന്റെ ശരീരത്തിലെത്തിയത് ഏതാണ്ട് 616 കിലോ പുകയിലയായിരിക്കും. 

ഇപ്പോള്‍ ആരാധകര്‍ കൗതുകത്തോടെ ചിന്തിക്കുന്നത് യുവന്റസില്‍ അദ്ദേഹമെത്തുമ്പോഴുള്ള സിഗരറ്റ് വലിയെക്കുറിച്ചാണ്. ഡഗൗട്ടിലിരുന്ന് സിഗരറ്റ് വലിക്കാനുള്ള അവസരം യുവന്റസ് ഒരുക്കി കൊടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com