ഹിറ്റ്മാന്റെ സെഞ്ച്വറി, അർധ ശതകങ്ങളുമായി കോഹ്‍ലിയും രാഹുലും; പാകിസ്ഥാന് മുന്നിൽ 337 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ

ഇടയ്ക്ക് മഴ രസം കളഞ്ഞെങ്കിലും പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ
ഹിറ്റ്മാന്റെ സെഞ്ച്വറി, അർധ ശതകങ്ങളുമായി കോഹ്‍ലിയും രാഹുലും; പാകിസ്ഥാന് മുന്നിൽ 337 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ

മാഞ്ചസ്റ്റർ: ഇടയ്ക്ക് മഴ രസം കളഞ്ഞെങ്കിലും പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ. നിശ്ചിത 50 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കിയത് 336 റൺസ്. ഓപണർ രോഹിത് ശർമയുടെ സെഞ്ച്വറിയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി, കെഎൽ രാഹുൽ എന്നിവരുടെ അർധ ശതകങ്ങളുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 

ടോസ് നേടി പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പരുക്കേറ്റ ശിഖർ ധവാന് പകരം സ്ഥാനക്കയറ്റം കിട്ടി ഓപണറായി ഇറങ്ങിയ രാഹുൽ രോഹിതിനൊപ്പം മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിലേക്ക് ബാറ്റുവീശിയ രോഹിത് ശർമയുടെ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 

113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസ്. 14 ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു ഹിറ്റ്മാന്റെ ശതകം. രാഹുൽ (78 പന്തിൽ 57), കോഹ്‍ലി (65 പന്തിൽ 77) എന്നിവരുടെ അർധ സെഞ്ച്വറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ 19 പന്തിൽ 26 റൺസുമായി മടങ്ങി. വിജയ് ശങ്കർ (15 പന്തിൽ 15), കേദാർ ജാദവ് (എട്ട് പന്തിൽ ഒൻപത്) എന്നിവർ പുറത്താകാതെ നിന്നു. പാകിസ്ഥാനായി മുഹമ്മദ് ആമിർ 10 ഓവറിൽ 47 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലി, വഹാബ് റിയാസ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഇടയ്ക്ക് മഴ പെയ്തതിനെ തുടർന്ന് മത്സരം നിർത്തിവച്ചെങ്കിലും അധികം വൈകാതെ പുനഃരാരംഭിച്ചു. അവസാന ഓവറുകളിൽ പരമാവധി റണ്ണടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ വിക്കറ്റുകൾ നഷ്ടമാക്കിയത്. തുടക്കത്തിൽ രോഹിത് ശർമയെയും ലോകേഷ് രാഹുലിനെയും റണ്ണൗട്ടാക്കാനുള്ള അവസരം ലഭിച്ചെങ്കിലും പാകിസ്ഥാന്‍ പാഴാക്കി. 

ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി രോഹിത്- രാഹുൽ സഖ്യം മികച്ച തുടക്കമിട്ടു. ഓപണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത് 136 റൺസ്. 23.5 ഓവറിൽ (143 പന്ത്) നിന്നാണ് ഇരുവരും ചേർന്ന് 136 റൺസ് കൂട്ടുകെട്ടു തീർത്തത്. രാഹുലിനെ ബാബർ അസമിന്റെ കൈകളിലെത്തിച്ച് വഹാബ് റിയാസ് പാകിസ്ഥാനെ മത്സരത്തിലേക്കു മടക്കിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം വിക്കറ്റിൽ കോഹ്‍ലിക്കൊപ്പം ചേർന്ന് രോഹിത് വീണ്ടും ശക്തമായ കൂട്ടുകെട്ടൊരുക്കി. 14.3 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 98 റൺസ്. കോഹ്‍ലിയെ കാഴ്ചക്കാരനാക്കി രോഹിത് പാക് ബൗളിങ്ങിനെ മെരുക്കി. 

സ്കോർ 234ൽ നിൽക്കെ രോഹിത് വീണു. തുടർന്നെത്തിയ ഹർദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ മൂന്നാം വിക്കറ്റിലും അർധ സെഞ്ച്വറി കൂട്ടുകെട്ട്. 5.3 ഓവറിൽ കോഹ്‍ലി- ഹർദിക് സഖ്യം കൂട്ടിച്ചേർത്തത് 51 റൺസ്. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ മഹേന്ദ്രസിങ് ധോണി (ഒന്ന്) നിരാശപ്പെടുത്തി. പിന്നീട് വിജയ് ശങ്കർ- കേദാർ ജാദവ് സഖ്യം ഇന്ത്യയെ 336ൽ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com