അതെങ്ങനെയാണ് ഓഫ്‌സൈഡാവുന്നത്? വാര്‍ തടുത്തിട്ട ബ്രസീലിന്റെ രണ്ട് ഗോളുകള്‍, സമനില കുരുക്ക് തീര്‍ത്ത് വെനസ്വേല

ജീസസ് വല കുലുക്കുന്നതിന് മുന്‍പ്, ഫിര്‍മിനോയിലേക്ക് പന്ത് എത്തിയിരുന്നു എന്നതാണ് ആ ഗോള്‍ ബ്രസീലിന് നിഷേധിക്കാന്‍ കാരണം
അതെങ്ങനെയാണ് ഓഫ്‌സൈഡാവുന്നത്? വാര്‍ തടുത്തിട്ട ബ്രസീലിന്റെ രണ്ട് ഗോളുകള്‍, സമനില കുരുക്ക് തീര്‍ത്ത് വെനസ്വേല

നിരാശപ്പെടുത്തുന്ന രാത്രിയായിരുന്നു സാല്‍വദോറില്‍ ബ്രസീല്‍ ആരാധകര്‍ക്ക്. കോപ്പ അമേരിക്കയില്‍ വെനസ്വേലയായിരുന്നില്ല ബ്രസീലിന്റെ എതിരാളി. രണ്ട് വട്ടം ഗോള്‍ വല കുലുക്കിയിട്ടും പ്രതിരോധം തീര്‍ത്ത് വാര്‍ മഞ്ഞപ്പടയുടെ മുന്‍പില്‍ നിലയുറപ്പിച്ചു. അതോടെ തുടര്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ സംഘത്തിന് വെനസ്വേലയ്ക്ക് മുന്‍പില്‍ ഗോള്‍രഹിത സമനില. 

മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന്റെ വരവോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോള്‍ വല കുലുക്കി. പക്ഷേ ഓഫ് സൈഡ് വിളി വന്നതോടെ ആ ഗോളിന്റെ സന്തോഷം നീണ്ടത് ഒരു നിമിഷം മാത്രം. 86ാം മിനിറ്റില്‍ കുട്ടിഞ്ഞോയിലൂടെ ബ്രസീല്‍ വീണ്ടും വല കുലുക്കി. ക്ലോസ് റേഞ്ചിലൂടെ വന്ന ആ ഗോളും വാറില്‍ ഓഫ് സൈഡ് എന്ന് വ്യക്തമായതോടെ അതും അസാധുവായി. 

ഗബ്രിയല്‍ ജീസസ് വല കുലുക്കുന്നതിന് മുന്‍പ്, ഫിര്‍മിനോയിലേക്ക് പന്ത് എത്തിയിരുന്നു എന്നതാണ് ആ ഗോള്‍ ബ്രസീലിന് നിഷേധിക്കാന്‍ കാരണം. എന്നാല്‍, പന്ത് ഗോള്‍ വലയിലേക്ക് എത്തുന്നതിന് മുന്‍പ് ഫിര്‍മിനോ ഓഫ് സൈഡ് ആയിരുന്നോ എന്ന് വ്യക്തമല്ല. കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഉറച്ചിറങ്ങിയ ബ്രസീലിന് മുന്‍പിലാണ് വാര്‍ വില്ലനായത്. 

ബൊളിവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തെത്തിയ ബ്രസീലിന് പക്ഷേ വെനസ്വേല കാര്യങ്ങള്‍ തീരെ എളുപ്പമാക്കിയില്ല. ഫിര്‍മിനോയും റിച്ചാര്‍ലിസനും അവസരങ്ങള്‍ നഷ്ടമാക്കുക കൂടി ചെയ്തത് ബ്രസീലിന് തുടക്കത്തിലെ തിരിച്ചടിയായി. ഒരുഘട്ടത്തില്‍ വെനസ്വല സാല്‍മന്‍ റോന്‍ഡനിലൂടെ വെനസ്വേല ലീഡ് നേടുമെന്ന് വരെ തോന്നിച്ചു. സാല്‍മന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് ഗോള്‍ വല തൊടാതെ അകന്ന് പോയത്. റിച്ചാര്‍ലിസനെ മാറ്റി ജീസസിനെ ഇറക്കിയതോടെയാണ് വെനസ്വേല തീര്‍ക്ക കനത്ത പ്രതിരോധത്തെ മറികടന്ന് ബ്രസീലിന്റെ മുന്നേറ്റ നിരയിലേക്ക് ഉണര്‍വെത്തിയതും, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വല കുലുക്കാനായതും. 

വാറിന്റെ ഇടപെടല്‍ ഫുട്‌ബോള്‍ ആവേശത്തെ കൊല്ലുന്നതാണെന്ന വിമര്‍ശനവുമായി ആരാധകരെത്തി. സമനിലയില്‍ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് എയില്‍ പോയിന്റ് ടേബിളില്‍ ബ്രസീല്‍ ഒന്നാമതാണ്. ആദ്യ മത്സരത്തില്‍ ബൊളിവിയയെ 3-0ന് ബ്രസീല്‍ തകര്‍ത്തിരുന്നു, പെറുവാണ് ബ്രസീലിന് മുന്‍പില്‍ ഇനിയെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com