അഞ്ച് വിക്കറ്റുകള്‍ നഷ്ടം; ഇംഗ്ലണ്ട് പരുങ്ങലില്‍; പിടിമുറുക്കി ഓസീസ്

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ട് പരുങ്ങലില്‍
അഞ്ച് വിക്കറ്റുകള്‍ നഷ്ടം; ഇംഗ്ലണ്ട് പരുങ്ങലില്‍; പിടിമുറുക്കി ഓസീസ്

ലോര്‍ഡ്‌സ്: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ട് പരുങ്ങലില്‍. 286 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് 32 ഓവറില്‍ 145 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വി മുഖാമുഖം കാണുകയാണ്. 72 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സ് ക്രീസിലുണ്ട്. മൂന്ന് റണ്ണുമായി ക്രിസ് വോക്‌സാണ് കൂട്ടായി ക്രീസിലുള്ളത്. വിജയത്തിലേക്ക് ഇംഗ്ലണ്ടിന് 18 ഓവറില്‍ 141റണ്‍സ് കൂടി വേണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് കണ്ടെത്തിയത്.

വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ജെയിംസ് വിന്‍സിനെ ബെഹ്‌റന്‍ഡോര്‍ഫ് മടക്കി. പിന്നാലെയെത്തിയ ജോ റൂട്ടിനെ എട്ട് റണ്‍സെടുത്ത് നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. ജോണി ബെയര്‍സ്‌റ്റോ (27), ജോസ് ബട്‌ലര്‍ (25), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (നാല്) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ബെഹ്‌രന്‍ഡോര്‍ഫ് ന്നെിവര്‍ രണ്ടും സ്‌റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. 

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15ാമത്തെയും സെഞ്ച്വറിയാണ് ഫിഞ്ച് കുറിച്ചത്. ഈ ലോകകപ്പിലെ റണ്‍ നേട്ടം 500ല്‍ എത്തിച്ച ഡേവിഡ് വാര്‍ണറുമാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. ഫിഞ്ച് 100 റണ്‍സെടുത്തും വാര്‍ണര്‍ 53 റണ്‍സെടുത്തും പുറത്തായി. 

ഓപണിങ് വിക്കറ്റില്‍ ഫിഞ്ച് വാര്‍ണര്‍ സഖ്യം 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോപ് സ്‌കോറര്‍മാരില്‍ വാര്‍ണറിനു പിന്നില്‍ രണ്ടാമതെത്താനും സെഞ്ച്വറി പ്രകടനത്തോടെ ഫിഞ്ച് (496 റണ്‍സ്) എത്തി. ഈ ലോകകപ്പില്‍ മൂന്നാം തവണയാണ് ഫിഞ്ച് വാര്‍ണര്‍ സഖ്യം ഓപണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. ഇരുവരും രണ്ട് തവണ വീതം സെഞ്ച്വറിയും പിന്നിട്ടു. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ സ്ഥാനം ബംഗ്ലദേശിന്റെ ഷാക്കിബ് അല്‍ ഹസനില്‍ നിന്നു തിരിച്ചുപിടിച്ച വാര്‍ണര്‍ 500 റണ്‍സെന്ന നാഴിക്കല്ലിലെത്തി. ഷാക്കിബിനെ പിന്തള്ളി രണ്ടാമതെത്തിയ ഫിഞ്ചിന്റെ പേരില്‍ 496 റണ്‍സുമായി.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് വാര്‍ണര്‍ ഫിഞ്ച് സഖ്യം 50റണ്‍സിന് മുകളില്‍ കൂട്ടുകെട്ടു തീര്‍ക്കുന്നത്. ഓപണിങ് വിക്കറ്റില്‍ ഇത് റെക്കോര്‍ഡാണ്. അതേസമയം, ഏതൊരു വിക്കറ്റിലുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടു തീര്‍ത്ത സഖ്യങ്ങളില്‍ ഇവര്‍ രണ്ടാമതാണ്. 1996, 99 ലോകകപ്പുകളിലായി തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ഓസീസിന്റെ തന്നെ മാര്‍ക്ക് വോ റിക്കി പോണ്ടിങ് സഖ്യമാണ് ഒന്നാമത്.

116 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് ഫിഞ്ച് 100 റണ്‍സെടുത്തത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തില്‍ ആറ് ബൗണ്ടറി സഹിതമാണ് വാര്‍ണറിന്റെ 20ാം ഏകദിന അര്‍ധ സെഞ്ച്വറി. വാര്‍ണര്‍ പുറത്തയ ശേഷം ഉസ്മാന്‍ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്ത് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടെങ്കിലും തുടര്‍ന്നു വന്നവര്‍ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്‌കോര്‍ 285ല്‍ ഒതുങ്ങിയത്. 32.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. അതിനു ശേഷമുള്ള 17.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസിനു നേടാനായത് 112 റണ്‍സ് മാത്രമാണ്.

ഉസ്മാന്‍ ഖവാജ (29 പന്തില്‍ 23), സ്റ്റീവ് സ്മിത്ത് (34 പന്തില്‍ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരിയാണ് ഓസീസ് സ്‌കോര്‍ 285ല്‍ എത്തിച്ചത്. കാരി 27 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 38 റണ്‍സെടുത്തു. അതേസമയം, ഗ്ലെന്‍ മാക്‌സ്!വെല്‍ (എട്ട് പന്തില്‍ 12), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (15 പന്തില്‍ എട്ട്), പാറ്റ് കമ്മിന്‍സ് (നാല് പന്തില്‍ ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com