ഫിഞ്ചിന് സെഞ്ച്വറി, വാർണർക്ക് അർധ സെഞ്ച്വറി; ഇം​ഗ്ലണ്ടിന് ലക്ഷ്യം 286 റൺസ്; തുടക്കം തകർച്ചയോടെ

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറി കരുത്തിൽ ഇം​ഗ്ലണ്ടിന് മുന്നിൽ 286 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ
ഫിഞ്ചിന് സെഞ്ച്വറി, വാർണർക്ക് അർധ സെഞ്ച്വറി; ഇം​ഗ്ലണ്ടിന് ലക്ഷ്യം 286 റൺസ്; തുടക്കം തകർച്ചയോടെ

ലോർഡ്സ്: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറി കരുത്തിൽ ഇം​ഗ്ലണ്ടിന് മുന്നിൽ 286 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് ഓസീസ് കണ്ടെത്തിയത്. ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

വിജയം തേടിയിറങ്ങിയ ഇം​ഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നാലോവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് അവർ. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അവർക്ക് വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ജെയിംസ് വിൻസിനെ ബെഹ്റൻഡോർഫ് മടക്കി. പിന്നാലെയെത്തിയ ജോ റൂട്ടിനെ എട്ട് റൺസെടുത്ത് നിൽക്കെ മിച്ചൽ സ്റ്റാർക്കും മടക്കി. ഏഴ് റൺസുമായി ജോണി ബെയർസ്റ്റോയും നാല് റൺസുമായി ക്യാപ്റ്റൻ ഇയാൻ മോർ​ഗനുമാണ് ക്രീസിൽ. 

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15ാമത്തെയും സെഞ്ച്വറിയാണ് ഫിഞ്ച് കുറിച്ചത്. ഈ ലോകകപ്പിലെ റൺ നേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിന് കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി. 

ഓപണിങ് വിക്കറ്റിൽ ഫിഞ്ച്- വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതെത്താനും സെഞ്ച്വറി പ്രകടനത്തോടെ ഫിഞ്ച് (496 റൺസ്) എത്തി. ഈ ലോകകപ്പിൽ മൂന്നാം തവണയാണ് ഫിഞ്ച്- വാർണർ സഖ്യം ഓപണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് തീർക്കുന്നത്. ഇരുവരും രണ്ട് തവണ വീതം സെഞ്ച്വറിയും പിന്നിട്ടു. ഈ ലോകകപ്പിലെ ടോപ് സ്കോറർ സ്ഥാനം ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസനിൽ നിന്നു തിരിച്ചുപിടിച്ച വാർണർ 500 റൺസെന്ന നാഴിക്കല്ലിലെത്തി. ഷാക്കിബിനെ പിന്തള്ളി രണ്ടാമതെത്തിയ ഫിഞ്ചിന്റെ പേരിൽ 496 റൺസുമായി.

ഈ ലോകകപ്പിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് വാർണർ- ഫിഞ്ച് സഖ്യം 50റൺസിന് മുകളിൽ കൂട്ടുകെട്ടു തീർക്കുന്നത്. ഓപണിങ് വിക്കറ്റിൽ ഇത് റെക്കോർഡാണ്. അതേസമയം, ഏതൊരു വിക്കറ്റിലുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി കൂട്ടുകെട്ടു തീർത്ത സഖ്യങ്ങളിൽ ഇവർ രണ്ടാമതാണ്. 1996, 99 ലോകകപ്പുകളിലായി തുടർച്ചയായി ഏഴ് മത്സരങ്ങളിൽ രണ്ടാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഓസീസിന്റെ തന്നെ മാർക്ക് വോ- റിക്കി പോണ്ടിങ് സഖ്യമാണ് ഒന്നാമത്.

116 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ച്വറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറ് ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20ാം ഏകദിന അർധ സെഞ്ച്വറി. വാർണർ പുറത്തയ ശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധ സെഞ്ച്വറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നു വന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. അതിനു ശേഷമുള്ള 17.4 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ട ഓസീസിനു നേടാനായത് 112 റൺസ് മാത്രമാണ്.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ച് ബൗണ്ടറികൾ സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ട് പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാല് പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറ് പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. 

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com