കണക്കുകളെല്ലാം ബാക്കി; മിച്ചമുള്ളത് ഒൻപതാം സമനിലയും ഒൻപതാം സ്ഥാനവും മാത്ര‌ം; ബ്ലാസ്റ്റേഴ്സ് മടങ്ങി

ഐഎസ്എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പേരാട്ടം അവസാനിപ്പിച്ചു
കണക്കുകളെല്ലാം ബാക്കി; മിച്ചമുള്ളത് ഒൻപതാം സമനിലയും ഒൻപതാം സ്ഥാനവും മാത്ര‌ം; ബ്ലാസ്റ്റേഴ്സ് മടങ്ങി

കൊച്ചി: ഏറ്റവും നിരാശ നിറഞ്ഞ ഒരു ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിനോട് കേരള ബ്ലാസ്റ്റേഴ്സ് ​​ഗോളില്ലാ സമനിലയോടെ ഉപചാരം ചൊല്ലി. ഐഎസ്എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പേരാട്ടം അവസാനിപ്പിച്ചു. നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് അവസാന പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. 23ാം മിനുട്ടില്‍ തന്നെ 10 പേരായി ചുരുങ്ങിയിട്ടും വടക്കുകിഴക്കൻമാരുടെ വലയിൽ പന്തെത്തിക്കാൻ കേരളത്തിന്റെ സ്വന്തം ടീമിന് സാധിക്കാതെ പോയി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഇതിനിടെ 23ാം മിനുട്ടില്‍ നോര്‍ത്ത്ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിന് തൊട്ടു വെളിയില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദറിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ നോര്‍ത്ത്ഈസ്റ്റ് കളത്തിലിറക്കി.

10 പേരായി ചുരുങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്ക് മേൽ ആക്രമിച്ച് കയറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 35ാം മിനുട്ടില്‍ കറേജ് പെക്കൂസന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ലഭിച്ച അവസരം ലെന്‍ഡുംഗലിന് മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ സാഹചര്യം മനസിലാക്കി ഉണര്‍ന്നു കളിച്ച നോര്‍ത്ത്ഈസ്റ്റ് 46ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ സമയോജിതമായ ഇടപെടലാണ് കേരളത്തെ രക്ഷിച്ചത്. 

ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒൻ‌പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുറിക്കുന്ന ഒൻപതാം സമനിലയായിരുന്നു വെള്ളിയാഴ്ചത്തേത്. സീസണില്‍ വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. 29 പോയിന്റോടെ നോര്‍ത്ത്ഈസ്റ്റ് പട്ടികയിൽ നാലാം സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com