സന്തോഷവും ആവേശവും തിരികെ വേണം; റയല്‍ മാഡ്രിഡ് അന്വേഷണം തുടങ്ങി; നോട്ടം ആ സൂപ്പര്‍ കോച്ചിനെ

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ റയല്‍ അണിയറയില്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
സന്തോഷവും ആവേശവും തിരികെ വേണം; റയല്‍ മാഡ്രിഡ് അന്വേഷണം തുടങ്ങി; നോട്ടം ആ സൂപ്പര്‍ കോച്ചിനെ

മാഡ്രിഡ്: സമീപ കാലത്ത് ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തൂത്തെറിഞ്ഞ അയാക്‌സിന്റെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ റയലിനോട് പരാജയപ്പെട്ട് റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നേരിടാനെത്തിയ അയാക്‌സ് യൂറോപ്യന്‍ ശക്തികളെ 4-1ന് മുക്കി കളയുകയായിരുന്നു. 

ഹാട്രിക്ക് കിരീടം സമ്മാനിച്ച പരിശീലകന്‍ സിനദിന്‍ സിദാനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ സീസണ്‍ മുതല്‍ ടീമിനൊപ്പമില്ല. അതോടെ ലോസ് ബ്ലാങ്കോസ് നാഥനില്ലാത്ത അവസ്ഥയിലേക്ക് മാറി. പരിശീലകനായി പകരമെത്തിയ ലോപ്റ്റഗുയിയെ സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം പറഞ്ഞുവിടുകയും ചെയ്തു. താത്കാലിക പരിശീലകനായാണ് സൊളാരി ടീമിന്റെ സ്ഥാനമേറ്റത്. തുടക്കത്തില്‍ വലിയ കുഴപ്പങ്ങളില്ലാതെ പോയ ടീം പക്ഷേ സമീപ കാലത്ത് വലിയ നാണക്കേടാണ് നേരിട്ടത്. സ്വന്തം തട്ടകത്തില്‍ അയാക്‌സിനോടുള്ള തോല്‍വിയടക്കം നാല് തുടര്‍ പരാജയങ്ങളാണ് ബെര്‍ണാബുവില്‍ അവര്‍ നേരിട്ടത്. രണ്ട് എല്‍ ക്ലാസിക്കോ തോല്‍വികളും ഇതില്‍ പെടുന്നു. ഈ സീസണില്‍ ഒരു കിരീടം പോലും റയലിന്റെ ഷോക്കേസിലെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. 

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ റയല്‍ അണിയറയില്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതില്‍ പ്രധാനം പരിശീലക സ്ഥാനത്തേക്ക് ഏറ്റവും ഉചിതമായ ഒരാളെ കണ്ടെത്തുക എന്നതാണ്. നിലവില്‍ ലിവര്‍പൂളിന്റെ പരിശീലകനായി മിന്നിത്തിളങ്ങുന്ന യുര്‍ഗന്‍ ക്ലോപിനെ എത്തിക്കാനാണ് റയല്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഒപ്പം ടോട്ടനം ഹോട്‌സ്പര്‍ കോച്ച് മൗറീസിയോ പൊചെറ്റിനോ, യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി തുടങ്ങിയവരേയും റയല്‍ പരിഗണിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം റയലിന്റെ മുന്‍ കോച്ച് കൂടിയായ ഹോസെ മൗറീഞ്ഞോ നിലവില്‍ ഒരു ടീമിന്റേയും പരിശീലക സ്ഥാനത്തില്ല. മൗറീഞ്ഞോയെ മടക്കി കൊണ്ടുവരണമെന്ന് ആരാധകരില്‍ ചിലര്‍ മുറവിളികൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

യൂറോപ്പിലെ ഏറ്റവും ഡൈനാമിക്കായിട്ടുള്ള സംഘമാണ് ലിവര്‍പൂള്‍ നിലവില്‍. ആ നിലയിലേക്ക് ടീമിനെ പരിവര്‍ത്തിപ്പിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ക്ലോപ്പിനാണ്. ഇതുതന്നെയാണ് സ്പാനിഷ് വമ്പന്‍മാരുടെ നോട്ടം ജര്‍മന്‍ പരിശീലകനില്‍ ഉടക്കിയതും. 

ക്ലോപ്പിന്റേയും പൊചെറ്റിനോയുടേയും വരവ് എളുപ്പത്തില്‍ സാധ്യമാകില്ലെന്ന് റയലിന് നന്നായി അറിയാം. കാരണം ലിവര്‍പൂളിന്റേയും ടോട്ടനത്തിന്റെയും മികവും ക്ലാസുമൊക്കെ അതിന്റ കാരണങ്ങള്‍ കളത്തില്‍ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും മുന്നില്‍ വന്‍ തുക വാ്ഗ്ദാനം ചെയ്യപ്പെട്ടാലും അത്ഭുപ്പെടേണ്ടതില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com