സച്ചിനും, കപില്‍ദേവിനും നൈറ്റ്ഹുഡ് നല്‍കാത്തത് എന്താണ്? ചോദ്യം പാക് വംശജനായ യുകെ എംപിയുടേത്‌

നൈറ്റ്ഹുഡ് നല്‍കുന്നതിലെ അസ്വഭാവികത ഇല്ലാതെയാക്കി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ളവരെ പരിഗണിക്കാന്‍ തയ്യാറാവുമോയെന്നും റഹ്മാന്‍ ചിഷ്ടി ചോദിക്കുന്നു
സച്ചിനും, കപില്‍ദേവിനും നൈറ്റ്ഹുഡ് നല്‍കാത്തത് എന്താണ്? ചോദ്യം പാക് വംശജനായ യുകെ എംപിയുടേത്‌

എന്തുകൊണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവിനും, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും നൈറ്റ്ഹുഡ് നല്‍കുന്നില്ലാ എന്ന ചോദ്യവുമായി പാക് വംശജനായ യുകെ എംപി. ബ്രാഡ്മാന്‍, റിച്ചാര്‍ഡ് ഹഡ്‌ലീ എന്നിവര്‍ക്ക് നൈറ്റ്ഹുഡ് നല്‍കിയപ്പോള്‍ കപില്‍ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇമ്രാന്‍ ഖാന്‍, വസീം അക്രം എന്നിവര്‍ക്ക് എന്തുകൊണ്ട് ഈ ബഹുമതി നല്‍കുന്നില്ലാ എന്ന ചോദ്യമാണ് ഹൗസ് ഓഫ് കോമണ്‍സ് അംഗം റഹ്മാന്‍ ചിഷ്ടി ഉന്നയിക്കുന്നത്. 

ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന കോമണ്‍വെല്‍ഡ്ഡ് ഡേ സംവാദത്തിന് ഇടയിലാണ് പാക് വംശജനായ എംപി ഈ വിഷയം ഉന്നയിച്ചത്. ക്വീന്‍ എലിസബത്ത് ഉള്‍പ്പെടെയുള്ളവര്‍ ഈ സംവാദത്തില്‍ പങ്കെടുത്തിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ് എന്ന യുകെ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം വന്നപ്പോഴായിരുന്നു റഹ്മാന്‍ ചിഷ്ടിയുടെ വാക്കുകള്‍. 

കോമണ്‍വെല്‍ത്ത് രാജ്യത്ത് നിന്നുമുള്ള ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കാന്‍ തയ്യാറാവാത്തതില്‍ അസ്വഭാവീകതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ താരം സര്‍ ഡോണ്‍ ബ്രാഡ്മാന് നൈറ്റ്ഹുഡ് നല്‍കി. കീവീസ് താരം സര്‍ റിച്ചാര്‍ഡ് ഹഡ്‌ലീക്കും നല്‍കി. പക്ഷേ പാകിസ്ഥാന്‍, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഒരു ക്രിക്കറ്റ് താരത്തിനും നല്‍കിയില്ല. മികച്ച ക്രിക്കറ്റ് താരങ്ങളെ നല്‍കിയ രാജ്യങ്ങളാണ് ഇതെന്നും പാക് വംശജനായ എംപി ചൂണ്ടിക്കാണിച്ചു. 

ശ്രീലങ്കയില്‍ നിന്നും നമ്മുടെ മുന്നില്‍ മുരളീധരനുണ്ട്. പാകിസ്ഥാനില്‍ നിന്നും വസീം അക്രമും, ഇമ്രാന്‍ ഖാനുമുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നും കാലിസ്. ഇന്ത്യയില്‍ നിന്നും സച്ചിനും കപില്‍ ദേവും. ലോക കപ്പിന് വേദിയാവുകയാണ് നമ്മള്‍ ഇപ്പോള്‍. ഈ സമയം എങ്കിലും നൈറ്റ്ഹുഡ് നല്‍കുന്നതിലെ അസ്വഭാവികത ഇല്ലാതെയാക്കി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ളവരെ പരിഗണിക്കാന്‍ തയ്യാറാവുമോയെന്നും റഹ്മാന്‍ ചിഷ്ടി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com