മുഖങ്ങള്‍ മാറിയിട്ടും കളി മാറിയില്ല; മുന്നേറ്റങ്ങള്‍ ബോക്‌സില്‍ തീരുന്നു; സമനിലയുമായി ജര്‍മനിയുടെ രക്ഷപ്പെടല്‍

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ സെര്‍ബിയയുമായി 1-1നാണ് ജര്‍മനി സമനിലയില്‍ കളി അവസാനിപ്പിച്ചത്
മുഖങ്ങള്‍ മാറിയിട്ടും കളി മാറിയില്ല; മുന്നേറ്റങ്ങള്‍ ബോക്‌സില്‍ തീരുന്നു; സമനിലയുമായി ജര്‍മനിയുടെ രക്ഷപ്പെടല്‍

വോള്‍വ്‌സ്ബര്‍ഗ്: അടിമുടി മാറി പുതിയ മുഖവുമായി കളിക്കാനിറങ്ങിയ ജര്‍മന്‍ ഫുട്‌ബോള്‍ ടീം സമനില പിടിച്ച് മുഖം രക്ഷിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ സെര്‍ബിയയുമായി 1-1നാണ് ജര്‍മനി സമനിലയില്‍ കളി അവസാനിപ്പിച്ചത്. 

2014ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച തോമസ് മുള്ളര്‍, മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെങ് എന്നിവരെ ഒഴിവാക്കി ടീമില്‍ മൊത്തത്തില്‍ അഴിച്ചുപണി നടത്തിയിട്ടും ഫിനിഷിങിലെ പോരായ്മ പുതിയ ടീമിനെയും വിടാതെ പിന്തുടരുകയാണ്. കളിയുടെ 12ാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് സെര്‍ബിയ ജര്‍മനിയെ ഞെട്ടിച്ചപ്പോള്‍ മറുപടി ഗോളിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് 69ാം മിനുട്ടു വരെ. 

കളിയുടെ തുടക്കത്തില്‍ തന്നെ ജോവിചിന്റെ ഗോളിലാണ് സെര്‍ബിയ മുന്നില്‍ എത്തിയത്. പിന്നീട് പൊരുതേണ്ടി വന്ന ജര്‍മ്മനിക്കായി 69ആം മിനുട്ടില്‍ മാര്‍ക്കോ റൂസ് നല്‍കിയ പാസില്‍ നിന്ന് ഗൊരെസ്‌കയാണ് സമനില ഗോള്‍ നേടിയത്. 

കളിയുടെ ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ജര്‍മനിക്ക് സാധിച്ചില്ല. ഗോളിനായി നിരവധി ശ്രമങ്ങള്‍ അവര്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. പതിവ് പോലെ പന്തടക്കത്തിലും പാസിങിലും മുന്‍ ലോക ചാമ്പ്യന്‍മാര്‍ നിലവാരം കാത്തു. 

മത്സരത്തിനിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ലൊരെ സനെയ്ക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കി. സെര്‍ബിയന്‍ ടാക്കിളില്‍ ഗ്രൗണ്ടിക് വീണ സാനെയ്ക്ക് ഗുരുതര പരിക്കേറ്റെന്ന് ആദ്യം തോന്നിപ്പിച്ചു എങ്കിലും പരിക്ക് സാരമുള്ളതല്ല എന്ന് താരം തന്നെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com