ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ; വിശ്രമത്തിലും ഫെര്‍ഗി തന്നെ താരം

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ എന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നു
ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ; വിശ്രമത്തിലും ഫെര്‍ഗി തന്നെ താരം

ലണ്ടന്‍: വിഖ്യാത ഫുട്‌ബോള്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനെ കുറിച്ച് വിശേഷണങ്ങള്‍ അധികം ആവശ്യമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 27 വര്‍ഷം പരിശീലിപ്പിച്ച് ഏതാണ്ടെല്ലാ കിരീടങ്ങളും ഷോക്കേസിലെത്തിച്ച് പടിയിറങ്ങിയ അദ്ദേഹം ഇതിഹാസ സമാനരായ കോച്ചുമാരില്‍ മുന്നില്‍ നില്‍ക്കുന്നു. 

ഈയടുത്ത് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതും ഫെര്‍ഗി തന്നെ. 27 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം 2013ല്‍ അദ്ദേഹം പരിശീലകന്റെ കുപ്പായം അഴിച്ചുമാറ്റി. ഇപ്പോള്‍ വിശ്രമം ജീവിതം നയിക്കുകയാണ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കുമ്പോള്‍ ഡഗൗട്ടില്‍ ഫെര്‍ഗൂസന്‍ ച്യൂയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കാറുള്ളത്. അദ്ദേഹത്തിന്റെ ഈ ച്യൂയിംഗം പ്രേമവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 

2013ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ എന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നു. 456,000 യൂറോയ്ക്കാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ ഇത് സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്നേമുക്കാല്‍ കോടിയോളം ഇന്ത്യന്‍ രൂപ വരുമിത്. 

വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെതിരെയാണ് യുനൈറ്റഡ് പരിശീലകനെന്ന നിലയില്‍ അദ്ദേഹം അവസാനമായി മൈതാനത്തിറങ്ങിയത്. അന്നത്തെ പോരാട്ടം 5-5 എന്ന സ്‌കോറിന് സമനിലയില്‍ അവസാനിക്കുകയും ചെയ്തു. ആ സമയത്ത് ഫെര്‍ഗൂസന്‍ ഗ്രൗണ്ടില്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ അവശിഷ്ടം ആരാധകരിലൊരാള്‍ സ്വന്തമാക്കി നിധി പോലെ സൂക്ഷിക്കുകയായിരുന്നു. 

പിന്നീട് ഈ ച്യൂയിംഗം ഇത് സ്വന്തമാക്കിയ ആള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഈ ബെ വഴി വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ മറ്റൊരു ആരാധകന്‍ വന്‍ വില കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com