രണ്ട് അശ്വിന്‍മാരും മുംബൈയെ വലിഞ്ഞു മുറുക്കി; പഞ്ചാബിന്‌ 176 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഡികോക്കും രോഹിത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്
രണ്ട് അശ്വിന്‍മാരും മുംബൈയെ വലിഞ്ഞു മുറുക്കി; പഞ്ചാബിന്‌ 176 റണ്‍സ് വിജയ ലക്ഷ്യം

രോഹിത് ശര്‍മയും ഡികോക്കും നല്‍കിയ മികച്ച തുടക്കത്തിന്റേയും, അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ കണ്ടെത്തിയ റണ്‍സിന്റേയും ബലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തി മുംബൈ ഇന്ത്യന്‍സ്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 176 റണ്‍സിലേക്കെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഡികോക്കും രോഹിത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. അഞ്ച് ഓവറില്‍ മുംബൈ സ്‌കോര്‍ ബോര്‍ഡ് 50 പിന്നിട്ടുവെങ്കിലും രോഹിത്തിനെ മുരുഗന്‍ അശ്വിന്‍ മടക്കി. 18 പന്തില്‍ നിന്നും അഞ്ച് ഫോറിന്റെ അകമ്പടിയോടെ 32 റണ്‍സായിരുന്നു രോഹിത്തിന്റെ സ്‌കോര്‍. 

രോഹിത് മടങ്ങിയെങ്കിലും ഡികോക്ക് സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കി. 39 പന്തില്‍ നിന്നും 6 ഫോറും രണ്ട് സിക്‌സും പറത്തി 60 റണ്‍സ് എടുത്ത് നില്‍ക്കെ ഡികോക്കിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡികോക്ക് പോയതിന് ശേഷം മുംബൈ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞിരുന്നു. വിക്കറ്റും തുടരെ വീണു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന യുവരാജിനും കാര്യമായൊന്നും ചെയ്യുവാനായില്ല. 22 പന്തില്‍ നിന്നും രണ്ട് ഫോറുള്‍പ്പെടെ 18 റണ്‍സ് നേടി യുവി മടങ്ങി. പൊള്ളാര്‍ഡ് വീണ്ടും പരാജയപ്പെട്ടപ്പോള്‍, അവസാന ഓവറുകളില്‍ ഹര്‍ദിക്കിനൊപ്പം നിന്ന് സ്‌കോറിങ്ങിന്റെ വേഗം കൂട്ടുവാന്‍ ക്രുനാലിനുമായില്ല.

19 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 31 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയ്ക്ക് പ്രതിരോധിക്കാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കിങ്‌സ് ഇലവന്റെ ബൗളിങ്ങില്‍ ആര്‍.അശ്വിനും, മുരുകന്‍ അശ്വിനുമാണ് മികവ് കാട്ടിയത്. നാല് ഓവറില്‍ മുരുഗന്‍ അശ്വിന്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ആര്‍ അശ്വിന്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

മുഹമ്മദ് ഷമി നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 40 റണ്‍സ് വഴങ്ങിയാണ് ഹാര്‍ഡസ് വില്‍ജോന്‍ 2 വിക്കറ്റ് വീഴ്ത്തിയത്. ആന്‍ഡ്ര്യു ടൈ നാല്‍പ്പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com