വിജയ് ശങ്കറില്‍ ആശങ്ക വേണ്ട, നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കണം എന്ന് ഗാംഗുലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2019 12:52 PM  |  

Last Updated: 01st May 2019 12:52 PM  |   A+A-   |  

818542-vijay-shankar-and-sourav

റായിഡുവിന് പകരം നാലാം സ്ഥാനത്തേക്ക് വിജയ് ശങ്കറെ പരിഗണിച്ചപ്പോള്‍ ഒരു വിഭാഗം നെറ്റി ചുളിച്ചെത്തിയിരുന്നു. വിജയ് ശങ്കറിനെ പോലൊരു താരത്തെ എങ്ങനെ വിശ്വസിക്കുവാനാവും എന്നായിരുന്നു അവര്‍ ചോദ്യമുയര്‍ത്തിയത്. ഐപിഎല്ലിലെ വിജയിയുടെ മോശം ഫോം വരുന്നതോടെ വിജയിയെ ലോകകപ്പ് ടീമിലേക്ക് എടുത്തത് തെറ്റായി പോയി എന്ന് വാദിക്കുന്നവര്‍ രംഗത്തെത്തുന്നുണ്ട്. അവര്‍ക്ക് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

വിജയ് ശങ്കറിന്റെ ബൗളിങ്ങിന് ഇണങ്ങുന്നതാണ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ എന്നാണ് ഗാംഗുലി പറയുന്നത്. ലോകകപ്പില്‍ നന്നായി തന്നെ വിജയ് ശങ്കര്‍ പന്തെറിയും. വിജയിയുടെ ബൗളിങ് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുകയും ചെയ്യും. താരത്തെ കുറിച്ച് ആരും നെഗറ്റീവായി ചിന്തിക്കേണ്ടതില്ല. ഓസീസ്, കീവീസ് പരമ്പരകളില്‍ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് വിജയ് ശങ്കര്‍ ടീമില്‍ ഇടംപിടിച്ചത് എന്നും ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ 12 മത്സരങ്ങള്‍ കഴിയുമ്പോഴും വിജയ്ക്ക് കഴിഞ്ഞിട്ടില്ല. 180 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ നേടുവാനായത്. എന്നാല്‍ ലോകകപ്പിലേക്ക് എത്തുമ്പോഴേക്കും ഫോം വീണ്ടെടുക്കുവാന്‍ വിജയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.