അത് കള്ളം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്രീദിയുടെ വെളിപ്പെടുത്തൽ; റെക്കോർഡ് സെഞ്ച്വറി നേടുമ്പോൾ പ്രായം 16 ആയിരുന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 10:13 PM  |  

Last Updated: 02nd May 2019 10:13 PM  |   A+A-   |  

afri

 

കറാച്ചി: ക്രിക്കറ്റ് ലൊകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഷാഹിദ് അഫ്രീദി. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ 37 പന്തുകളില്‍ സെഞ്ച്വറി നേടി ലോക റെക്കോർഡ് സ്ഥാപിക്കുമ്പോള്‍ തനിക്ക് 16 വയസ് ആയിരുന്നില്ലെന്ന അമ്പരപ്പിക്കുന്ന തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. ആത്മകഥയായ 'ഗെയിം ചെയ്ഞ്ചറി'ലാണ് അഫ്രീദിയുടെ തുറന്നുപറച്ചില്‍. 

ക്രിക്കറ്റിലെ വലിയൊരു നിഗൂഢത മറനീക്കി പുറത്തുവന്നതോടെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇതോടെ അണ്ടര്‍-19 ടീമില്‍ അഫ്രീദി കളിച്ചതും പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിരോധത്തിലാക്കും. ആത്മകഥയില്‍ പറയുന്നത് അനുസരിച്ച് ആ സമയങ്ങളിലും അഫ്രീദിയുടെ വയസ് 19ന് മുകളിലായിരുന്നു.

അഫ്രീദി ജനിച്ചത് 1975ലാണ്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ജനിച്ച വര്‍ഷം 1980 ആണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ രേഖകളില്‍ അഫ്രീദി ജനിച്ചത് 1980ല്‍ ആണെന്നാണ്. ഇത് മറ്റുള്ളവരും പിന്തുടരുകയായിരുന്നു. തനിക്ക് അന്ന് 19 വയസായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതു പോലെ 16 വയസ് ആയിരുന്നില്ല. താന്‍ ജനിച്ചത് 1975ലാണ്. പക്ഷേ ഔദ്യോഗിക രേഖകളില്‍ ജനന വര്‍ഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും അഫ്രീദി ആത്മകഥയില്‍ പറയുന്നു.

അഫ്രീദി പറയുന്ന ഈ കണക്കിലും തെറ്റുകളുണ്ട്. 1996ല്‍ നെയ്‌റോബിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു അഫ്രീദിയുടെ റെക്കോഡ് സെഞ്ച്വറി. അഫ്രീദി പറയുന്നതുപോലെ 1975ലാണ് ജനിച്ചതെങ്കില്‍ 1996ല്‍ പാക് താരത്തിന് 20, 21 വയസുണ്ടാകും. 19 വയസ് ആയിരിക്കില്ല. അന്ന് 37 പന്തില്‍ ആറ് ഫോറും 11 സിക്‌സും സഹിതം 102 റണ്‍സാണ് പാക് താരം അടിച്ചെടുത്തത്. ഈ വേഗമേറിയ സെഞ്ച്വറി 18 വര്‍ഷത്തോളമാണ് തകർക്കപ്പെടാതെ നിന്നത്.