മെസിയെ വിലക്കണം, ലിവര്‍പൂള്‍ ഫാന്‍സിന്റെ പെറ്റീഷന്‍; സംഭവം കൈവിട്ടതോടെ മറ്റൊരു അടവുമായി ബാഴ്‌സ ഫാന്‍സ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 04:18 PM  |  

Last Updated: 05th May 2019 04:18 PM  |   A+A-   |  

messibarca

ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ഫാബിനോയെ പഞ്ച് ചെയ്ത മെസിക്കെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്താണ് ലിവര്‍പൂള്‍ ആരാധകര്‍ പ്രതിഷേധിച്ചത്. എന്നാല്‍, ലിവര്‍പൂള്‍ താരം മനെയ്‌ക്കെതിരെ പെറ്റീഷനുമായി എത്തിയാണ് ബാഴ്‌സ ആരാധകര്‍ തിരിച്ചടിക്കുന്നത്. 

ഫാബിനോയുടെ തലയില്‍ പഞ്ച് ചെയ്ത മെസിക്ക് ഫ്രീകിക്കും ലഭിച്ചു, അത് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇത് യുവേഫ പരിശോധിക്കണം എന്നാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആവശ്യപ്പെടുന്നത്. 11,000ളം പേര്‍ ഇതിനെ പിന്തുണച്ച് ഒപ്പുവയ്ക്കുകയും ചെയ്തു. ലിവര്‍പൂള്‍ ഫാന്‍സ് സ്വീകരിച്ച അതേ വഴിയില്‍ തന്നെ അവരെ പ്രതിരോധിക്കാനാണ് ബാഴ്‌സ ഫാന്‍സിന്റെ ശ്രമം. 

ഒരു കാരണവും ഇല്ലാതെ വിദാലിനെ അടിച്ച മനേയെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് ബാഴ്‌സ ഫാന്‍സിന്റെ പെറ്റീഷന്‍. 4000 പേര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദം അടുക്കവെയാണ് ആരാധകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ മൂര്‍ച്ഛിക്കുന്നത്. സുവാരസുമായി വണ്‍ ടു കളിച്ച് മുന്നേറാനുള്ള മെസിയുടെ ശ്രമം തടയാനായിരുന്നു അവിടെ ഫാബിനോ ശ്രമിച്ചത്. 

പക്ഷേ ഫാബിനോ തന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടും മുന്നിലേക്ക് വന്ന മെസി ഫാബിനോയുടെ തലയില്‍ ഇടിക്കുകയായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫാബിനോയെ പഞ്ച് ചെയ്തതിന് ശേഷം മെസി മൈതാനത്തേക്ക് വീഴുന്നുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇത് ആരാധകരില്‍ നിന്നും വലിയ വിമര്‍ശനം നേടിയിരുന്നു.