സ്‌പെയിനില്‍ പരിശീലനം, ലാ ലിഗയില്‍ കളിക്കാന്‍ അവസരം; പക്ഷേ, സ്വപ്‌നം ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ഇന്ത്യന്‍ താരം 

പണമില്ലാത്തത് തടസമായി മാറിയിരിക്കുകയാണ് ഭാവിയുടെ ഈ താരത്തിന്
സ്‌പെയിനില്‍ പരിശീലനം, ലാ ലിഗയില്‍ കളിക്കാന്‍ അവസരം; പക്ഷേ, സ്വപ്‌നം ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ഇന്ത്യന്‍ താരം 

ന്യൂഡല്‍ഹി: സ്‌പെയിനില്‍ ഒരു മാസത്തെ പരിശീലനത്തിന് ക്ഷണം. അതിന് ശേഷം ലാ ലിഗയില്‍ കളിക്കാന്‍ അവസരം. ബ്രിഷ്ടി ബഗചിയെന്ന ഇന്ത്യന്‍ വനിതാ താരം സ്വപ്‌ന സാക്ഷാത്കാരത്തിന്റെ പടിവാതില്‍ക്കലിലാണ്. പക്ഷേ പണമില്ലാത്തത് തടസമായി മാറിയിരിക്കുകയാണ് ഭാവിയുടെ ഈ താരത്തിന്. സ്പാനിഷ് ലാ ലിഗയില്‍ കളിക്കാന്‍ ക്ഷണം കിട്ടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ബ്രിഷ്ടി.

വനിതാ ലാ ലിഗയില്‍ കളിക്കുന്ന മാഡ്രിഡ് ക്ലബ് ഡെ ഫുട്‌ബോള്‍ ഫെമനിനോയാണ് താരത്തെ ഒരു മാസത്തെ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. രണ്ട് മാസത്തോളം ബ്രിഷ്ടിക്ക് സ്‌പെയിനില്‍ പന്ത് തട്ടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഏഴാം വയസ് മുതല്‍ ഫുട്‌ബോള്‍ കളിക്കുന്ന ബ്രിഷ്ടി നിലവില്‍ അമേരിക്കയിലെ ഒക്‌ലഹോമ സിറ്റി യൂനിവേഴ്‌സിറ്റി ടീമിന്റെ ട്രയല്‍സില്‍ പങ്കെടുക്കുകയാണ്. 

യുവേഫ എ ലൈസന്‍സുള്ള പരിശീലകന്‍ ഡേവിഡ് അരോയോ തന്റെ പ്രകടനം വിലയിരുത്തിയാണ് സ്‌പെയിനില്‍ പ്രൊഫഷണല്‍ മത്സരം കളിക്കാന്‍ അവസരമൊരുക്കിയതെന്ന് ബ്രിഷ്ടി പറഞ്ഞു. കരിയറിലെ ഏറ്റവും മികച്ച അവസരമാണിതെന്നും അവര്‍ വ്യക്തമാക്കി. 

സമയത്തിന് പണം സ്വരൂപിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കൈവന്നിരിക്കുന്ന ഈ സുവര്‍ണാവസരത്തിന് ഷട്ടറിടേണ്ട അവസ്ഥയിലാണ് താരം നില്‍ക്കുന്നത്. പണം നല്‍കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുകയും ചെയ്തത് ഇരുട്ടടിയായി മാറി. താരത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. 

കരിയറിലെ നിര്‍ണായകമായ ഘട്ടത്തിലാണ് താനെന്നും സ്വപ്‌ന സാക്ഷാത്കാരത്തിനായി കഠിന ശ്രമം നടത്തുകയാണെന്നും ഇതിനായി ആരാധകരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്നും താരം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ ഇന്ത്യക്കായി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിക്കണമെന്ന ആഗ്രഹം. തനിക്ക് മാത്രമല്ല ഭാവിയില്‍ ഫുട്‌ബോള്‍ കരിയറായി സ്വീകരിക്കാനിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നതായും ബ്രിഷ്ടി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com