ജർമനിയിൽ ​ഗോൾ മഴ; 36 മിനുട്ടിനുള്ളിൽ വല ചലിച്ചത് ഏഴ് തവണ; റെക്കോർഡ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 10:26 AM  |  

Last Updated: 06th May 2019 10:26 AM  |   A+A-   |  

lever

 

മ്യൂണിക്ക്: ​ഗോൾ മഴ എന്നു പറഞ്ഞാൽ ഇതാണ്. ജർമൻ ബുണ്ടസ് ലീ​ഗയിൽ ബയർ ലെവർകൂസനും ഫ്രാങ്ക്ഫർട്ടും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ 36 മിനുട്ടിനുള്ളിൽ പിറന്നത് ഏഴ് ​ഗോളുകൾ. അതിൽ ആറും ലെവർകൂസൻ താരങ്ങൾ വലയിലാക്കി. 

സ്വന്തം മൈതാനമായ ബേ അരീനയിൽ കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ലെവര്‍കൂസന്‍ താരങ്ങള്‍ ഗോളടിക്ക് തുടക്കമിട്ടു. രണ്ടാം മിനുട്ടില്‍ കെയ് ഹവര്‍ട്‌സാണ് ഗോളടിക്ക് തുടക്കമിട്ടത്. 13ാം മിനുട്ടില്‍ ജൂലിയന്‍ ബ്രാന്റ് രണ്ടാം ഗോളും വലയിലാക്കി. ഫിലിപ്പ് കോസ്റ്റിക്കിലൂടെ 14ാം മിനുട്ടില്‍ ഫ്രാങ്ക്ഫര്‍ടിന്റെ മറുപടി വന്നെങ്കിലും 23ാം മിനുട്ടില്‍ ലുക്കാസ് അലാരിയോ 28ാം മിനുട്ടില്‍ ചാള്‍സ് അരാംഗ്വിസ്, 34ാം മിനുട്ടില്‍ വീണ്ടും അലാരിയോ തന്റെ രണ്ടാം ഗോളും നേടി പട്ടിക അഞ്ചിലെത്തിച്ചു. 36ാം മിനുട്ടില്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ മാര്‍ട്ടിന്‍ ഹെയ്ന്റര്‍ഗറിന്റെ സെല്‍ഫ് ഗോള്‍ ലെവര്‍കൂസന് ആറാം ഗോളും സമ്മാനിച്ചു.

എന്നാൽ ആദ്യ 36 മിനുറ്റുകളിലെ ​ഗോൾ മഴയ്ക്ക് ശേഷം മത്സരത്തിൽ ഒരു ​ഗോളും പിറന്നില്ല എന്നതും ശ്രദ്ധേയമായി. മത്സരം 6-1 എന്ന സ്കോറിൽ ലെവർകൂസൻ വിജയിക്കുകയും ചെയ്തു. ഒരു ബുണ്ടസ് ലീഗ മത്സരത്തിന്റെ ആദ്യ പകുതിയിൽ ആറ് ഗോളുകൾ നേടുന്ന രണ്ടാം ടീമായി അവർ മാറി. 1964ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്ഥാപിച്ച ബുണ്ടസ് ലീഗ റക്കോര്‍ഡിനൊപ്പമാണ് ലെവർകൂസൻ എത്തിയത്.