'ഫോര്‍സ ഇകര്‍'; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആരാധകര്‍; കാസിയസിന് ആദരമര്‍പ്പിച്ച് പോര്‍ട്ടോ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 01:10 PM  |  

Last Updated: 06th May 2019 01:10 PM  |   A+A-   |  

ik

 

പോര്‍ട്ടോ: ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പാനിഷ് ഇതിഹാസ ഗോള്‍ കീപ്പറും പോര്‍ട്ടോ താരവുമായ ഇകര്‍ കാസിയസിന് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്. താരം അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇപ്പോഴിതാ തങ്ങളുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ക്ക് ആദരം നല്‍കിയിരിക്കുകയാണ് പോര്‍ട്ടോ ആരാധകര്‍. ഇന്നലെ പോര്‍ട്ടോ, പോര്‍ച്ചുഗല്‍ ലീഗില്‍ അവെസിനെതിരെ മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരു മിനുട്ട് നേരം സ്‌റ്റേഡിയം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കാസിയസിന്റെ പേര് ഉറക്കെ വിളിച്ച് കൈയടികളോടെയാണ് ആദരം നല്‍കിയത്. ഒപ്പം വേഗം സുഖം പ്രാപിക്കാന്‍ ആശംസിച്ച് അവര്‍ പടുകൂറ്റന്‍ ബാനറും സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.

മത്സരം തുടങ്ങും മുന്‍പ് പോര്‍ട്ടോ താരങ്ങള്‍ ഫോര്‍സ ഇകര്‍ എന്നെഴുതിയ കൂറ്റന്‍ ബാനറുമായാണ് മൈതനത്തിറങ്ങിയത്. ഒപ്പം താരങ്ങള്‍ തങ്ങളുടെ ജേഴ്‌സിയില്‍ കാസിയസിന്റെ പേരും എഴുതിയിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ക്ലബ് റയല്‍ മാഡ്രിഡ് താരങ്ങളും കാസിയസിന് ആദരമര്‍പ്പിച്ചിരുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം നിലവില്‍ വിശ്രമത്തിലാണ്. അതേസമയം ഇതിഹാസ താരത്തിന് ഇനി ഫുട്‌ബോള്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരമായ കാസിയസ് 2015ലാണ് പോര്‍ട്ടോയിലേക്കെത്തിയത്. നിലവില്‍ പുതിയ കരാറില്‍ താരം ഒപ്പിട്ടിട്ടുണ്ട്.